കോഴിക്കോട്: മാതൃഭൂമി നമ്മുടെ നാടിന് നൽകിയ നന്മകള്‍ വാക്കുകള്‍ക്ക് അതീതമാണെന്ന് യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് പറഞ്ഞു. മാതൃഭൂമി ഹെഡ് ഓഫീസ് സന്ദര്‍ശിച്ച് ശതാബ്ദി ആശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലവും സത്യം, നീതി, ധര്‍മം തുടങ്ങിയ മൂല്യങ്ങളുടെ പക്ഷം പിടിക്കുന്ന പത്രമാണ് മാതൃഭൂമി. കേവലമായ നിഷ്പക്ഷതയ്ക്കപ്പുറം സമൂഹത്തിന് അത് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിലും മാതൃഭൂമിക്ക് ഈ സമീപനം തുടരാനാകട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
 
സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആരംഭിച്ച മാതൃഭൂമി സാമൂഹ്യപരിവര്‍ത്തനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വികസനോന്മുഖ റിപ്പോര്‍ട്ടിം​ഗിനും എന്നും പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് സ്വീകരണയോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജനങ്ങളോടൊപ്പം നിന്ന് വസ്തുനിഷ്ഠമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്നതാണ് മാതൃഭൂമിയുടെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ പറഞ്ഞു.
 
ജോയന്റ് മാനേജിംഗ് എഡിറ്റര്‍ പി.വി.നിധീഷ്, ഡയറക്ടര്‍ - ഡിജിറ്റല്‍ ബിസിനസ് മയൂര ശ്രേയാംസ്‌കുമാര്‍, ഡയറക്ടര്‍ - ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ്‌കുമാര്‍ എന്നിവരും സംസാരിച്ചു. സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ചീഫ് ജനറല്‍ മാനേജര്‍ - ഫിനാന്‍സ് & കമ്പനി സെക്രട്ടറി സജീവന്‍ നന്നാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
 
ഫാ.ലിജോ തമ്പി ആനിക്കാട്ടില്‍, ഹോളി ലാൻഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ഷെവലിയര്‍ സി. ഇ. ചാക്കുണ്ണി, ജനറല്‍ കണ്‍വീനര്‍ എം.സി. ജോണ്‍സണ്‍, സി.സി. മനോജ്, ജിതിന്‍ കാല്‍പാടിക്കല്‍ തുടങ്ങിയവര്‍ മെത്രാപ്പോലീത്തയോടൊപ്പമുണ്ടായിരുന്നു. 

To advertise here,