മലപ്പുറം: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിൽ ബുക്ക് ചെയ്ത ഹോട്ടൽമുറി നിഷേധിച്ചതിൽ ഐ.ആർ.സി.ടി.സി.ക്കും ഓൺലൈൻ ബുക്കിങ് പോർട്ടലായ മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. 5,000 രൂപ കോടതിച്ചെലവും പരാതിക്കാരിൽനിന്ന് അധികമായി ഈടാക്കിയ 7,827 രൂപയും തിരികെ നൽകാനും കമ്മിഷൻ വിധിച്ചു.

To advertise here,

അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ, സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവർ പ്രയാഗ് രാജിലെ ‘അതിഥി സ്റ്റേ ലോഡ്ജ്’ ഹോട്ടലിൽ 2025 ഫെബ്രുവരി മൂന്നു മുതൽ ആറുവരെ റൂം ബുക്ക് ചെയ്തിരുന്നു. ഐ.ആർ.സി.ടി.സി. വഴി മേക്ക് മൈ ട്രിപ്പിലൂടെ 2024 ഒക്ടോബർ 24-നാണ് ബുക്ക് ചെയ്തത്. 4,173 രൂപ അടച്ച് ബുക്കിങ് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ഫെബ്രുവരി മൂന്നിന് അർധരാത്രിയിൽ ഹോട്ടലിലെത്തിയ ഇവരോട് ഐ.ആർ.സി.ടി.സി.യുമായോ മേക്ക് മൈ ട്രിപ്പുമായോ ബന്ധമില്ലെന്നും മുറി നൽകാനാകില്ലെന്നുമാണ് ഹോട്ടലധികൃതർ പറഞ്ഞത്. ഒടുവിൽ പ്രതിദിനം 4,000 രൂപ നിരക്കിൽ അധിക തുക നൽകി ഇതേ ഹോട്ടലിൽത്തന്നെ താമസിക്കേണ്ടിവന്നു. അധികമായി നൽകിയ തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ട്രാവൽ ഏജൻസികളെ സമീപിച്ചെങ്കിലും ഇവർ നൽകാൻ തയ്യാറാകാത്തതോടെയാണ് കമ്മിഷനിൽ പരാതിപ്പെട്ടത്.

തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള ഐ.ആർ.സി.ടി.സി.യുടെയും മേക്ക് മൈ ട്രിപ്പിന്റെയും വാദം കമ്മിഷൻ തള്ളി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാർ ഐ.ആർ.സി.ടി.സി.യെ സമീപിച്ചതെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനംവാർഷിക പലിശയും ചുമത്തിയിട്ടുണ്ട്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി.