
കൊണ്ടോട്ടി: ഇറാൻ യുദ്ധത്തിന്റെ കെടുതികൾ പശ്ചിമേഷ്യയിലും പ്രവാസികൾക്കിടയിലും മാത്രമല്ല, നമ്മുടെ നാട്ടിലും പ്രതിഫലിച്ചുതുടങ്ങി. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട തൊഴിലാളികൾ, കച്ചവടക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് തൊഴിലും വരുമാനവും കുത്തനെ ഇടിഞ്ഞു.
പഴം-പച്ചക്കറി കയറ്റുമതി നിശ്ചലമായതോടെ ഒട്ടേറെ ആളുകൾക്ക് തൊഴിലില്ലാതായി. മുന്നൂറിലേറെപേർ നേരിട്ടും അതിലേറെപേർ പരോക്ഷമായും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും കരിപ്പൂരിൽനിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയയക്കുന്നുണ്ട്. കോവയ്ക്ക, മുരിങ്ങ, കൊത്തമര, ചെറിയ ഉള്ളി, ഇടിച്ചക്ക, ചക്ക, വെള്ളരി തുടങ്ങിയവയാണ് കയറ്റിയയക്കുന്ന പ്രധാന പച്ചക്കറികൾ. ഞാലിപ്പൂവൻ പഴം, പപ്പായ, പൈനാപ്പിൾ തുടങ്ങിയവയും വിമാനം കയറുന്നു.
പ്രതിദിനം 15 ടണ്ണോളം ചരക്ക് കയറ്റിയയക്കുന്നുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ഇവിടത്തെ പ്രദേശിക കർഷകരിൽനിന്നുമെല്ലാം ശേഖരിച്ച്, ഗുണമേൻമ ഉറപ്പാക്കി നല്ലരീതിയിൽ പായ്ക്കിങ് നടത്തിയാണ് കയറ്റിയയക്കുന്നത്. വിമാനസർവീസുകൾ ഒറ്റയടിക്കു നിലച്ചതോടെ കയറ്റുമതി നിലച്ചിരിക്കുകയാണ്. നേരത്തേ ശേഖരിച്ച സാധനങ്ങൾ വിലകുറച്ച് പ്രാദേശികമായി വിൽക്കേണ്ടിവന്നതായി കയറ്റുമതി കമ്പനി പ്രതിനിധികൾ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽ 230 അംഗീകൃത ടാക്സികളുണ്ട്. ഒരേസമയം 115 ടാക്സികളാണ് സർവീസിനുണ്ടാകുക. സാധാരണനിലയിൽ ദിവസം ശരാശരി രണ്ട് ഓട്ടം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടുദിവസത്തിലൊരിക്കൽ ഒരു ഓട്ടമായതായി ഡ്രൈവർമാർ പറഞ്ഞു.
വിദേശ വിമാനസർവീസുകൾ നിലച്ചതോടെ ആഭ്യന്തരയാത്രക്കാരുടെ ഓട്ടം മാത്രമാണ് ലഭിക്കുന്നത്. ടാക്സി ഡ്രൈവർമാർക്ക് നോമ്പ്-പെരുന്നാൾ സമയം നല്ല ഓട്ടം ലഭിക്കുന്ന സീസണാണ്. വരുമാനം പൊടുന്നനെ നിലച്ചത് മിക്ക ഡ്രൈവർമാരുടെയും കുടുംബ ബജറ്റ് താളംതെറ്റിച്ചിരിക്കുകയാണ്. വിമാനത്താവള പരിസരത്തെ ഓട്ടോറിക്ഷാഡ്രൈവർമാരും പ്രതിസന്ധിയിലായി.
കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിച്ച് ചെറുതും വലുതുമായി ഓട്ടേറെ കച്ചവടസ്ഥാപനങ്ങളുണ്ട്. ഇതിൽ ഏറിയപങ്കും ഹോട്ടലുകളാണ്.
വിദേശ വിമാനസർവീസുകൾ അധികവും രാത്രിയിലും പുലർച്ചെയുമായതിനാൽ, വിമാനത്താവള റോഡിലും പരിസരങ്ങളിലുമായുള്ള ഈ കടകളിൽ ഈ സമയങ്ങളിലാണ് കൂടുതൽ കച്ചവടം നടക്കാറ്.
Content Highlights: Geopolitical conflict in the Middle East is directly impacting Kerala's local economy
Published: 03 Mar 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented