ആലപ്പുഴ: എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയെങ്കിലും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുകുമാരൻ നായർ നിഷ്‌കളങ്കനാണെന്നും തനിക്ക് കരുത്തു പകർന്നയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് സുകുമാരൻ നായർ പിന്മാറിയത് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റേത് ഉൾപ്പെടെയുള്ള അഭിപ്രായങ്ങൾക്ക് വിധേയമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ എസ്എൻ ട്രസ്റ്റ് ഡയറക്ടർ ഹബോർഡ് പൊതയോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

To advertise here,

മുസ്‌ലിങ്ങളോട് പ്രത്യേകിച്ച് വിരോധമില്ലെന്നും പക്ഷേ ലീഗ് കാണിച്ച ചില വിഭാഗീയത ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അത് മാത്രമല്ല, നമ്മളിൽപ്പെട്ട ചില ആളുകളെ ആയുധമാക്കിയെടുത്ത് നമുക്കെതിരേ യുദ്ധം ചെയ്യാൻ ഉപയോഗിച്ച ദുരവസ്ഥ നിലനിൽക്കുമ്പോൾ ഈ സത്യങ്ങൾ താൻ പൊതുജനമധ്യത്തിൽ തുറന്നുപറയുമ്പോൾ തന്നെ മുസ്‌ലിം വിരോധിയെന്ന് പറഞ്ഞ് കത്തിക്കുകയാണ്. ‘എന്നെ കത്തിച്ചാൽ ഞാൻ കത്തുമോ. എന്നെത്തന്നെ കത്തിച്ചോ. ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ’, വെള്ളാപ്പള്ളി പറഞ്ഞു.

തന്നെയും താൻ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും തകർക്കാനും തളർത്താനും പല രീതിയിലുള്ള ശ്രമങ്ങൾ പല കോണിൽനിന്നുണ്ടാകുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതിനെ കയ്യുംകെട്ടി നോക്കിനിനിന്ന്, രാമന്റെ മുന്നിൽ ഹനുമാനെ പോലെ ഓച്ഛാനിച്ച് നിൽക്കാനല്ല താൻ പഠിച്ചിട്ടുള്ളത്. ഈഴവത്തി പെറ്റ ഈഴവനാണെന്ന് പറയാനുള്ള തന്റേടത്തോടെ പ്രവർത്തിക്കണമെന്ന് പറഞ്ഞ ഡോ. പൽപ്പുവിന്റെ പാരമ്പര്യത്തിൽ ജനിച്ചു വളർന്നുവന്ന ഈഴവമക്കളാണ് നമ്മൾ. സാമൂഹിക,രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസനീതി എല്ലാവർക്കും വേണം. ഈ നീതിയൊന്നും കിട്ടാതെ വരുമ്പോൾ അത് തുറന്നുപറയേണ്ടിവരും. ജാതിവിവേചനമാണ് ജാതിചിന്തയുണ്ടാക്കുന്നത്. ആ ജാതിവിവേചനത്തിന്റെ ആഴവും തൂക്കവും ആഴവും പരപ്പും കണക്കിലൂടെ താൻ പറഞ്ഞു. എന്നാൽ കണക്കിന് ഉത്തരമുണ്ടായില്ല. ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനംകാട്ടി തന്നെയും തന്റെ സംഘടനയേയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ വിരൽചൂണ്ടേണ്ടത് സമുദായത്തിന്റെ കടമയാണ്. ആ കടമയുമായി മുന്നോട്ടു പോകുമ്പോൾ പലരും വരും പലരും പോകും. എസ്എൻഡിപി യോഗം തുറന്ന പുസ്തകമാണ്. അതിനെ ആർക്കും വിമർശിക്കാം, വെളളാപ്പള്ളി കൂട്ടിച്ചേർത്തു.

നായരീഴവ ഐക്യത്തെ കുറിച്ച് താൻ പ്രസംഗിച്ചതിന് പിന്നാലെ ജി. സുകുമാരൻ നായരിൽനിന്ന് അനുകൂല സമീപനമാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിനെ ചിലർ വിമർശിച്ചു. പ്രതിപക്ഷ നേതാവിനെ വിമർശിച്ചതിന് ചിലർ കുറ്റം പറഞ്ഞു. ഇവർക്കൊക്കെ ചുട്ടമറുപടി നൽകിക്കൊണ്ട് തന്റെ പ്രവർത്തനങ്ങൾക്ക് ഇരട്ടച്ചങ്ക് നൽകിക്കൊണ്ട് തന്നെ കരുത്തനാക്കി നിർത്തിയ ആളാണ് സുകുമാരൻ നായർ. ആ കരുത്തുമായാണ് താൻ പോയത്. ആ കരുത്ത് കണ്ട് പലരും ഭയന്നു. രാഷ്ട്രീയ അന്തരീക്ഷം എന്താകുമെന്ന് പലരും ഭയന്നു. രാഷ്ട്രീയ നേതാക്കൾക്ക് ഉൾക്കിടലമുണ്ടായി. ഐക്യത്തിന് വ്യക്തിപരമായും തനിക്കും വളരെ പിൻബലം തന്നുവെന്ന് മാത്രമല്ല, തന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്‌നേഹിക്കുമെന്ന് പറഞ്ഞു. അതാണ് സുകുമാരൻ നായർ. രാജാവ് നഗ്നനാണെന്ന് പറയാൻ നിഷ്‌കളങ്കനായ ഒരു കുട്ടിക്കേ കഴിയൂ. അതുപോലെ നിഷ്‌കളങ്കനാണ് സുകുമാരൻ നായർ. ഈ ഐക്യം കാലഘട്ടത്തിന് വേണമെന്ന ഭാവനയും ചിന്തയും ഈ സമുദായാംഗങ്ങളുടെ ഇടയിലുണ്ടെന്ന ഉൾവിളി മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം തുറന്നടിച്ച് കാര്യങ്ങൾ പറഞ്ഞു- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഐക്യത്തിൽനിന്ന് പിന്തിരിയേണ്ടിവന്നു. എന്നാൽ ഒരു പ്രതിഷേധവുമില്ല. ഒരു വിഷമവുമില്ല. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. ഇങ്ങനൊരു തീരുമാനമുണ്ടായതിന്റെ പേരിൽ എൻഎസ്എസ് നേതൃത്വത്തെയോ സുകുമാരൻ നായരെയോ നിങ്ങൾ തള്ളിപ്പറയരുതെന്ന് അഭ്യർഥിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിഷ്‌കളങ്കനായ സുകുമാരൻ നായരുടെ അഭിപ്രായമാണ് ആദ്യംവന്നത്. പിന്നീട് തിരുത്തേണ്ടിവന്നത് മറ്റുള്ളവരുടെയും ഡയറക്ടർ ബോർഡിന്‌റെയും അഭിപ്രായങ്ങൾക്ക് വിധേയമായാണ്. അത് മനസ്സിലാക്കാൻ പാഴൂർപടി വരെ പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.