പയ്യന്നൂർ: തീവണ്ടി ടിക്കറ്റ് സൂക്ഷിച്ച് റദ്ദാക്കിയില്ലെങ്കിൽ പണം പോകും. നിലവിൽ പ്രഖ്യാപിച്ച റീഫണ്ട് നിയമം അറിയാതെ അവസാനനിമിഷം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും നഷ്ടപ്പെടും. റിസർവേഷൻ ഉറപ്പായ ടിക്കറ്റുകൾക്ക്് (കൺഫേം ടിക്കറ്റ്) വണ്ടി പുറപ്പെടാൻ എട്ടു മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മാത്രമേ റീഫണ്ട് തുക കിട്ടൂ. എട്ടു മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കിൽ മുഴുവൻ തുകയും നഷ്ടമാകും. (നിലവിൽ ഇത് നാല് മണിക്കൂർ മുൻപ് വരെയായിരുന്നു). കൗണ്ടർ വഴിയാണ് ടിക്കറ്റ് എടുത്തതെങ്കിൽ 139-ലും റദ്ദാക്കാം. റീഫണ്ട് തുക ലഭിക്കണമെങ്കിൽ സ്റ്റേഷനിൽ പോകണം.

To advertise here,

റെയിൽവേയുടെ പരിഷ്‌ക്കരിച്ച പുതിയ നിയമപ്രകാരം വണ്ടി പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കണം. എങ്കിൽ മാത്രമെ റദ്ദാക്കൽ നിരക്ക് കഴിച്ച് ബാക്കി എങ്കിലും കിട്ടു. പണം മുഴുവനും കിട്ടില്ലെന്ന് അർഥം. ഉറപ്പായ ടിക്കറ്റുകൾക്ക് എ.സിയിൽ മിനിമം റദ്ദാക്കൽ നിരക്ക് 190 രൂപയാണ്. സ്ലീപ്പറിൽ 120 രൂപ പിടിക്കും. സെക്കന്റ് ക്ലാസ് സിറ്റിങ് (റിസർവ്) 60 രൂപ പിടിക്കും.

നിലവിൽ 48 മണിക്കൂറിന് മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ മിനിമം റദ്ദാക്കൽ നിരക്ക് കഴിച്ച് ബാക്കി ലഭിക്കും. എന്നാൽ പരിഷ്‌ക്കരിച്ച റീഫണ്ട് നിയമപ്രകാരം 25 ശതമാനം പിടിക്കും.

തീവണ്ടി പുറപ്പെടുന്നതിന് 72 മുതൽ 24 മണിക്കൂർ മുൻപ് വരെ റദ്ദാക്കിയാൽ 25 ശതമാനം തുക പിടിക്കും.(നിലവിൽ 48-12 മണിക്കൂറിനിടയിൽ ) 24 മുതൽ എട്ടു മണിക്കൂർ വരെ റദ്ദാക്കിയാൽ 50 ശതമാനം തുക നഷ്ടമാകും( നിലവിൽ 12-നാല് മണിക്കൂറിനുളളിൽ )

ആർക്ക് ഗുണം

എട്ടു മണിക്കൂറിന് മുൻപോ ശേഷമോ കൺഫേം ടിക്കറ്റുകാരൻ റദ്ദാക്കിയാൽ അത് കറന്റ് ടിക്കറ്റിൽ ലഭിക്കും. മറ്റൊരു യാത്രക്കാരന് അതിന്റെ ഗുണം കിട്ടും. എന്നാൽ എട്ടു മണിക്കൂറിനുള്ളിൽ റീഫണ്ട് ലഭിക്കില്ല എന്ന് അറിയുന്ന യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ അത് റെയിൽവേ അറിയില്ല. അപ്പോൾ വണ്ടി പുറപ്പെട്ട് പരിശോധകൻ ആളില്ല എന്ന് രേഖപ്പെടുത്തുമ്പോൾ മാത്രമാണ് ബർത്ത് കാലിയായത് അറിയുക. എട്ടു മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ അത് ആർ.എ.സി/ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരന് ഗുണം കിട്ടും.

ടിക്കറ്റ് എടുക്കലും റദ്ദാക്കലും

*ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റ് എടുക്കാം. ഏത് റിസർവേഷൻ കൗണ്ടറിലും റദ്ദ് ചെയ്യാം.

*ഐ.ആർ.സി.ടി.സി വഴി ഓൺലൈനിൽ എടുക്കാം. ഇതുവഴി റദ്ദാക്കാം. റീഫണ്ട് തുക അക്കൗണ്ടിലേക്ക് വരും.

* സ്റ്റേഷൻ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കാം. ഐ.ആർ.സി.ടി.സി വെബ്സൈറ്റ് അല്ലെങ്കിൽ ഹെൽപ്പ്ലൈൻ നമ്പറായ 139 -ൽ റദ്ദ് ചെയ്യാം.

* ഉറപ്പായ തത്കാൽ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. കൗണ്ടർ വഴി എടുത്താലും ഓൺലൈനിലും ഒരേ നിയമമാണ്. വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ ലഭിക്കും. കൗണ്ടർ ടിക്കറ്റിന് സ്റ്റേഷനിൽ പോകണം. ഓൺലൈനിൽ പണം തിരിച്ചുവരും