ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വിലപ്പോവില്ലെന്നും, ആണവ ഭീഷണിക്ക് മുന്നില്‍ തലകുനിക്കുകയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തെളിയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പ്രതിരോധത്തിന് നടപടികളെടുക്കുന്നതില്‍ നിന്ന് ലോകത്തിലെ ഒരു രാജ്യവും ഇന്ത്യയെ തടഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 193 രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് പാകിസ്താനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി.
കോണ്‍ഗ്രസ് ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ചില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഇവിടെ ധാരാളം കാര്യങ്ങള്‍ പറഞ്ഞു. ആഗോള പിന്തുണയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു... നമുക്ക് ആഗോള പിന്തുണ ലഭിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, എന്റെ രാജ്യത്തെ ധീരരായ ജവാന്മാരുടെ വീര്യത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചില്ല' മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ ലക്ഷ്യം വച്ചു, പക്ഷേ അവരുടെ നിസ്സാരമായ പ്രസ്താവനകള്‍ നമ്മുടെ ധീരരായ സൈനികരെയാണ് നിരുത്സാഹപ്പെടുത്തിയത്. തനിക്കെതിരായ ആക്രമണങ്ങളിലൂടെ പ്രതിപക്ഷത്തിന് മാധ്യമ വാര്‍ത്തകളില്‍ ഇടം നേടാന്‍ കഴിയും, പക്ഷേ ഇതിലൂടെയൊന്നും രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് സ്ഥാനം നേടാന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ മൂന്ന് കാര്യങ്ങളാണ് ഇന്ത്യ വ്യക്തമാക്കി നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യക്ക് നേരെ ഒരു ഭീകരാക്രമണം ഉണ്ടായാല്‍, നമ്മുടേതായ രീതിയില്‍ അതിന്റേതായ സമയത്തത് തന്നെ ഞങ്ങള്‍ തിരിച്ചടിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. ആണവായുധം കാട്ടിയുള്ള ഭീഷണിപ്പെടുത്തല്‍ ഇനി വിലപ്പോവില്ലെന്നതാണ് രണ്ടാമത്തേത്. മൂന്ന്, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളെയും ഭീകരവാദത്തിന്റെ സൂത്രധാരന്മാരെയും ഞങ്ങള്‍ രണ്ടായി കാണില്ല'മോദി പറഞ്ഞു.
ഭീകരര്‍ നിരപരാധികളായ ആളുകളോട് അവരുടെ മതം ചോദിച്ചറിഞ്ഞ ശേഷം വെടിവെച്ചുകൊന്ന പഹല്‍ഗാമിലെ രീതി, ക്രൂരതയുടെ പാരമ്യമായിരുന്നു. ഇന്ത്യയെ അക്രമത്തിന്റെ അഗ്‌നിയിലേക്ക് തള്ളിവിടാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു ഇത്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ഒരു ഗൂഢാലോചനയായിരുന്നു അവര്‍ നടത്തിയത്. ആ ഗൂഢാലോചനയെ രാജ്യം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, ഇന്ത്യ തീര്‍ച്ചയായും ഒരു വലിയ നടപടി നല്‍കുമെന്ന് പാകിസ്താന്റെ സൈന്യത്തിന് ധാരണയുണ്ടായിരുന്നു. അവര്‍ ആണവ ഭീഷണി മുഴക്കാന്‍ തുടങ്ങി. മെയ് 6-നും 7-നും ഇടയിലുള്ള രാത്രിയില്‍, തീരുമാനിച്ചതുപോലെ തന്നെ ഇന്ത്യ നടപടിയെടുത്തു. പാകിസ്താന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നമ്മുടെ സായുധ സേന കൃത്യമായ ആക്രമണങ്ങളിലൂടെ 22 മിനിറ്റിനുള്ളില്‍ ഏപ്രില്‍ 22-ന് പകരം വീട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. പാകിസ്താന്റെ ആണവ ഭീഷണി വ്യാജമാണെന്ന് നമ്മള്‍ തെളിയിച്ചു. ആണവ ബ്ലാക്ക്മെയിലിംഗ് ഇനി വിലപ്പോവില്ലെന്നും, ഈ ആണവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ തലകുനിക്കുകയില്ലെന്നും ഇന്ത്യ തെളിയിച്ചു. ഇന്ത്യ അതിന്റെ സാങ്കേതിക കഴിവ് പ്രകടിപ്പിച്ചു. അത് പാകിസ്താന്റെ നെഞ്ചില്‍ കൃത്യമായി പ്രഹരിച്ചു. ഇത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള യുദ്ധത്തിന്റെ കാലഘട്ടമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെങ്കില്‍,സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ നമുക്ക് എത്രമാത്രം നഷ്ടം സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓപ്പറേഷന്‍ സിന്ദൂറിലൂടെ, സ്വാശ്രയ ഭാരതത്തിന്റെ ശക്തി ലോകം ആദ്യമായി തിരിച്ചറിഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രോണുകളും മിസൈലുകളും പാകിസ്താന്റെ ആയുധ സംവിധാനത്തിന്റെ ദുർബലത തുറന്നുകാട്ടി' മോദി പറഞ്ഞു.
Content Highlights: PM Modi asserts India`s resolve against nuclear blackmail, highlights global support for Operation S
Published: 29 Jul 2025, 07:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented