നൂറ്റാണ്ടുകണ്ട വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ 2018-ലെ പ്രളയം ഇടുക്കിയുടെ ദുരിതകാലമായിരുന്നു. അതിശക്തമായ മഴയും അണക്കെട്ടുകൾ തുറന്നുവിട്ടതുമൂലം ഉണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും വ്യാപകമായ നാശം വിതച്ചു. ഓഗസ്റ്റ് 15-നും 17-നും ഇടയിൽ പെയ്ത തോരാമഴ അക്ഷരാർഥത്തിൽ ജില്ലയെ മുക്കി. വർഷങ്ങൾ എത്ര പിന്നിട്ടാലും ഇടുക്കിയുടെ മനസ്സിൽ അതൊരു മായാത്ത ചിത്രമായിരിക്കും

ചെറുതോണി: ഇരുട്ടും തോരാമഴയും വെള്ളപ്പാച്ചിലും ചേർന്ന് ഒരു നാടിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചിട്ട് എട്ടുവർഷം. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തെ ഇടുക്കിക്കാർ ഒരിക്കലും മറക്കില്ല. മലയിടിച്ചിലും ഉരുൾപൊട്ടലും തകർന്ന റോഡുകളും നിലംപൊത്തിയ വീടുകളും കൃഷിയിടങ്ങളുമെല്ലാം ദുരന്തത്തിന്റെ ശേഷിപ്പുകളായി ഇന്നും പല പ്രദേശങ്ങളിലും കാണാം. എട്ടുവർഷം പിന്നിട്ടിട്ടും പ്രളയം ഏൽപ്പിച്ച മുറിപ്പാടുകൾ പൂർണമായി മാഞ്ഞിട്ടില്ല. സർക്കാർ കണക്കുകൾപ്രകാരം ഇടുക്കിയിൽ 59 പേരാണ് പ്രളയത്തിൽ മരിച്ചത്. 16,630 കുടുംബങ്ങളെ പ്രളയംബാധിച്ചു. 11,530 ഹെക്ടർ കൃഷിഭൂമി നശിച്ചു. 1,992 വീടുകൾ പൂർണമായും 7,200 വീടുകൾ ഭാഗികമായും തകർന്നു. 30,000 പേർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയംതേടി. നഷ്ടപരിഹാരത്തിനായി 32,991 പേരാണ് സർക്കാരിൽ അപേക്ഷ നൽകിയത്. ഓരോ കണക്കിനും പിന്നിൽ തകർന്ന ജീവിതങ്ങളുടെയും നഷ്ടപ്പെട്ട സ്വപ്നങ്ങളുടെയും കഥകളുണ്ട്.
നോവിന്റെ പേമാരി
2018 ഓഗസ്റ്റ് ഒമ്പതിനാണ് മഴ ശക്തി പ്രാപിച്ചത്. പിന്നീട് ഇടുക്കിയുടെ പല മേഖലകളിലും പ്രകൃതി സംഹാരതാണ്ഡവമാടി. അതിൽ ഏറ്റവും ദുരിതം നേരിട്ട പ്രദേശങ്ങളിലൊന്നായിരുന്നു ഉപ്പുതോട്. ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലുപേരാണ് ഇവിടെ മരിച്ചത്. നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ തുറന്ന ദുരിതാശ്വാസക്യാമ്പിൽ 531 പേരെയും എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ 260 പേരെയും മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടലിൽ കാണാതായ രാജമ്മയുടെ മൃതദേഹം ഇന്നും കണ്ടെത്താനായിട്ടില്ലെന്നത് ആ ദുരന്തത്തിന്റെ വേദനയുടെ ആഴം വ്യക്തമാക്കുന്നു.കരിമ്പൻ പ്രദേശത്തും കനത്തമഴ വലിയ നാശമാണ് വിതച്ചത്. ചെറുതോണി പട്ടണത്തോട് ചേർന്ന ഗാന്ധിനഗർ കോളനിയായിരുന്നു മറ്റൊരു ദുരന്തഭൂമി. ഇവിടെ ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. സംസ്കരിക്കാൻ പോലും മതിയായ സ്ഥലം ലഭിക്കാതെ നാലുപേരുടെ മൃതദേഹങ്ങൾക്ക് കോളനിയിലെ നടുറോഡിൽ ചിതയൊരുക്കേണ്ടിവന്ന കാഴ്ച ഇന്നും നാട്ടുകാരുടെ മനസ്സിൽ നീറുന്ന ഓർമയാണ്.
ആശങ്കയായി ആ തുറക്കൽ
ഇടുക്കി അണക്കെട്ട് തുറന്നതോടെ ചെറുതോണി മറ്റൊരു ദുരന്തത്തിനാണ് സാക്ഷ്യംവഹിച്ചത്. 26 വർഷത്തിനുശേഷം അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർന്നപ്പോൾ ചെറുതോണിയാർ കരകവിഞ്ഞൊഴുകി. ചെറുതോണി ടൗണിന്റെ ഒരുഭാഗം വെള്ളത്തിൽ മുങ്ങി. ഇരുപതോളം കടകളും നിരവധി സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. വർഷങ്ങളായി അധ്വാനിച്ച് സമ്പാദിച്ച പണവും സാധനങ്ങളും കൺമുന്നിലൂടെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ വ്യാപാരികൾക്ക് കഴിഞ്ഞുള്ളൂ. ചെറുതോണി ബസ് സ്റ്റാൻഡും ചെക്കുഡാമും വെള്ളം കൊണ്ടുപോയി. ഒട്ടേറെ വീടുകളിലും വെള്ളംകയറി. വീടും കൃഷിയും വ്യാപാരസ്ഥാപനങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് അത് മാറ്റിമറിച്ചത്. ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞ ദിവസങ്ങളും വെള്ളമിറങ്ങിയശേഷം തകർന്ന വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും തിരിച്ചെത്തിയ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല.
മുറിവുകൾ ഉണങ്ങിയിട്ടില്ല
എട്ടുവർഷം കടന്നുപോയി. പുതിയ റോഡുകളും വീടുകളും കെട്ടിടങ്ങളും ഉയർന്നു. ജീവിതം പതിയെ മുന്നോട്ടുപോയി. പക്ഷേ, 2018 ഓഗസ്റ്റിലെ ആ രാത്രികളിൽ കേട്ട നിലവിളികളും മലവെള്ളത്തിന്റെ ഇരമ്പലും ഉരുൾപൊട്ടലിന്റെ ഭീകരശബ്ദവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയും ഇടുക്കിയുടെ ഓർമകളിൽനിന്ന് മാഞ്ഞിട്ടില്ല. 2018-ലെ മഹാപ്രളയകാലം മറച്ചുവയ്ക്കാത്ത ഒരു മുന്നറിയിപ്പായി ഇടുക്കിയുടെ മണ്ണിൽ ഇന്നും അവശേഷിക്കുന്നു.
Content Highlights: Reflecting on the 2018 Idukki floods as 8 years pass. Read about the devastating impact, relief efforts, and unhealed scars.
Published: 20 Aug 2026, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented