തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. കോര്‍പറേഷന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അനധികൃത നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കി ബില്‍ പാസാക്കിയതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെയാണ് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തിയത്. പ്രതിഷേധക്കാര്‍ മേയറുടെ രാജി ആവശ്യപ്പെടുകയും മേയറുടെ ഡയസിലേക്ക് തള്ളിക്കയറുകയും ചെയ്തു. വനിതാപ്രവര്‍ത്തകര്‍ തമ്മിലും കയ്യാങ്കളിയുണ്ടായിരുന്നു. വനിതാപോലീസുള്‍പ്പെടെ എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു. അരമണിക്കൂറോളം സംഘര്‍ഷാവസ്ഥയിലായിരുന്നു നഗരസഭ. 

To advertise here,

'മേയര്‍ ഗോ ബാക്ക്' എന്നെഴുതിയ പ്ലക്കാര്‍ഡ് ഉള്‍പ്പെടെ കയ്യിലേന്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ സഭയിലെത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിച്ച സമയത്തുതന്നെ മേയര്‍ ആര്യ രാജേന്ദ്രന്റെ ചിത്രം ഒട്ടിച്ച പ്ലക്കാര്‍ഡുകളുമായി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു. അവര്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഒടുവില്‍ കൗണ്‍സില്‍ യോഗം പിരിഞ്ഞു. പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ റോഡിലേക്കിറങ്ങി മുദ്രാവാക്യം വിളികളുമായി നീങ്ങി. തിരികെ നഗരസഭയുടെ മുന്നിലെത്തി അവിടെ നിന്ന് മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. 

രാവിലെ യോഗം തുടങ്ങിയപ്പോള്‍ സിപിഎം ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കുന്നുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ് ആരോപണമുന്നയിച്ചിരുന്നു. 56 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയതായി ബിജെപിയ്ക്ക് വിവരം ലഭിച്ചതായും രാജേഷ് പറഞ്ഞു. തുടര്‍ന്നാണ് നഗരസഭയില്‍ പ്രതിഷേധം ആരംഭിച്ചത്.