
കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ്വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്ക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൈകാര്യംചെയ്യുന്ന ബിസിനസ് വാട്സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരൻ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാനവാദം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയപ്രചാരണം നടത്തുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സന്ദേശങ്ങൾ അയക്കില്ല എന്ന് ഉറപ്പു നൽകിയാൽ തുടർനടപടികൾ അടുത്ത ആഴ്ചത്തേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർധസർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്. ഡി.എ വർധന, ശമ്പള പരിഷ്‌കരണം, വീട് വായ്പ തുടങ്ങി വിവിധ സർക്കാർ നടപടികൾ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സർക്കാരിന്റെ സേവനങ്ങൾക്കായി രജിസ്റ്റർചെയ്ട്ടിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചാണ് പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനല്ല വ്യക്തികളുടെ വിവരം സർക്കാരിന്റെ പ്രൊജക്റ്റുകൾക്ക് നൽകുന്നതെന്നും, സ്പാർക്ക് സോഫ്റ്റ്‌വെയറിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിവരങ്ങൾ മാറ്റിയെങ്കിൽ അത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെന്നും ഹർജിയിൽ ആരോപണമുണ്ട്. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
Content Highlights: Kerala HC questions govt on data leak via SPARK for CM`s messages. Orders to stop unauthorized communication. Learn more about the privacy concerns.
Published: 24 Feb 2026, 11:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented