കൊച്ചി: ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഗർഭധാരണത്തിന് നിർബന്ധിക്കുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡിസംബര്‍ 15-ന് പരിഗണിക്കും.

To advertise here,

അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടയാന്‍ കാരണമായത് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ്. പോലീസ് അറസ്റ്റിനായി ശ്രമിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ ഇന്ന് 32-ാമത്തെ ഐറ്റമായിട്ടായിരുന്നു രാഹുലിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, കോടതി ആരംഭിച്ചപ്പോള്‍ രാഹുലിന്റെ അഭിഭാഷകന്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു. കേസില്‍ ഇന്നുതന്നെ വാദത്തിന് തയ്യാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ എതിര്‍പ്പില്ലെന്നും അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്.

കേസിന്റെ വിശദാംശങ്ങള്‍ പരിഗണിച്ചുള്ള വാദം ഇനി ഹര്‍ജി പരിഗണിക്കുമ്പോഴാകും ഉണ്ടാവുക. 15-ാം തീയതി, കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഡയറിയും പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ ക്രെെം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാൽ ഈ കേസിൽ, പരാതിക്കാരിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽതന്നെ ഈ കേസിൽ നിലവിൽ രാഹുലിന് അറസ്റ്റ് ഭീഷണിയില്ല. 

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമാണ് ഹെെക്കോടതിയിൽ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യസംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സാമൂഹികമാധ്യമങ്ങളിൽ വന്നതോടെ പുറത്തുവിട്ടത് താനാണെന്നു സംശയിച്ച് പരാതിക്കാരി അകന്നെന്നും ഹർജിയിൽ പറയുന്നുണ്ട്.

വിവാഹിതയായിരുന്നെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാൽ വോയ്‌സ് ക്ലിപ്പുകൾ ചോർന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോൾ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ടുപേരും തീരുമാനിച്ചത്. എന്നാൽ, താൻ രാഷ്ട്രീയപ്രവർത്തകനായതിനാൽ മാധ്യമങ്ങൾ വ്യാപകപ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും പോലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

വൈകിയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനുമുൻപിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.