കൊച്ചി: ആലത്തൂർ പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനോട് ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരോട് ഏത് രീതിയിലായിരിക്കും പെരുമാറുകയെന്നും കോടതി ചോദിച്ചു.

To advertise here,

കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാൻ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നുമുള്ള ആക്ഷേപത്തിൽ വി.ആർ. റിനീഷിനെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനോട് എസ്.ഐ. കയർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ മാപ്പപേക്ഷ നൽകാമെന്ന് എസ്.ഐ. കോടതിയെ ബോധിപ്പിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലം പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമർശനം. 

സാഹചര്യം സമ്മർദമാണ് ഇതിനൊക്കെ ഇടയാക്കിയതെന്ന മാപ്പപേക്ഷയിലെ പരാമര്‍ശം കോടതിയെ ചൊടിപ്പിച്ചു. 'സാഹചര്യങ്ങളുടെ സമ്മർദംമൂലം എന്തും ചെയ്യാമെന്നാണോ, സമ്മർദംമൂലം പോലീസ് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയെങ്കിൽ അതിനും കോടതി പരിഹാരം കാണണ്ടേി വരുമോ, മോശമായി പെരുമാറിയില്ലെങ്കിൽ മാപ്പ് പറയുന്നത് എന്തിനാണ്. അഭിഭാഷകരോട് ഈ രീതിയിലാണ്‌ പെരുമാറ്റമെങ്കിൽ സാധാരക്കാരക്കാരന്റെ അവസ്ഥാ എന്താകും?'-കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

ഈ സത്യവാങ്മൂലം പരിഹണിക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്നും കോടതി  പറഞ്ഞു. ഇതോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. കേസ് വീണ്ടും മാർച്ച് ഒന്നിന് പരിഗണിക്കും.

കഴിഞ്ഞ ജനുവരിയിലാണ് അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആർ. റെനീഷും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട്, ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി. ഇതിന്റെ പേരിൽ ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിൽ അഭിഭാഷകനെതിരെ രണ്ട് കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.

ഡിസംബർ നാലിന് ദേശീയപാതയിൽ ഇരട്ടക്കുളത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് നിർത്താതെ പോയിരുന്നു. സ്കൂട്ടർ യാത്രക്കാരൻ തത്‌ക്ഷണം മരിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് പമ്പയിൽനിന്ന് പോലീസ് പിടികൂടി. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ലൈസൻസ് ഇല്ലാതിരുന്നതിനാൽ പകരം മറ്റൊരാളെയാണ് ബസ്സുടമ ഹാജരാക്കിയതെന്നാണ് പോലീസ് പറയുന്നത്.

ബസ് വിട്ടുകിട്ടാൻ കോടതിയുത്തരവ് നേടിയ ഉടമയുടെ അഭിഭാഷകൻ അക്വിബ് സുഹൈൽ ആലത്തൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് വാക്കേറ്റം ഉണ്ടായത്. ഉത്തരവിനെതിരേ പോലീസ് നൽകിയ അപ്പീൽ കോടതി തള്ളിയതോടെ പോലീസ് ബസ് വിട്ടുകൊടുക്കുകയും ചെയ്തു.