
കോഴിക്കോട്: ഓണക്കാലമായതോടെ മലബാറില്‍ തീവണ്ടികളില്‍ തിരക്കോടുതിരക്ക്. സൂചികുത്താന്‍ ഇടമില്ലാത്തവിധം തിങ്ങിനിറഞ്ഞാണ് മിക്കവണ്ടികളും ഓടുന്നത്. മാവേലി, മലബാര്‍, ചെന്നൈ മെയില്‍ വണ്ടികളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ മംഗലാപുരത്തേക്ക് പോകുന്ന മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ കണ്ടാല്‍ മലബാറിലെ ദുരിതയാത്രയുടെ നേര്‍ച്ചിത്രം വ്യക്തമാവും. ഈ വണ്ടികളുടെ തിരിച്ചുള്ളയാത്രയിലും വന്‍തിരക്കുണ്ട്.
കുര്‍ള എക്സ്പ്രസാണ് തിരക്കേറിയ മറ്റൊരു വണ്ടി. ബെംഗളൂരു യാത്രക്കാരുടെ ഏക ആശ്രയമായ കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസാണ് തിരക്കുള്ള വേറൊരു വണ്ടി. തിരക്ക് കൂടുതലായതിനാല്‍ പലരും ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരാന്‍ ഇപ്പോള്‍ ബസ് യാത്രയാണ് തിരഞ്ഞെടുക്കുന്നത്. ട്രെയിന്‍ യാത്രയുടെ മൂന്നിരട്ടിയിലേറെ ചെലവ് അതിനു വേണ്ടിവരും. എന്നിട്ടും വിദ്യാര്‍ഥികളടക്കമുള്ളവര്‍ ബസിനെ ആശ്രയിക്കുന്നു. ഉദ്യോഗസ്ഥരുംമറ്റും ഏതാനുംപേര്‍ ചേര്‍ന്ന് ഷെയറിട്ട് ടാക്സിവാഹനങ്ങളിലാണ് യാത്ര.
വൈകുന്നേരം അഞ്ചിനും ആറിനും മധ്യേയുള്ള ട്രെയിനുകളിലും തിരക്ക് ക്രമാതീതമാണ്. ആ സമയത്ത് പ്ലാറ്റ്ഫോമില്‍പ്പോലും ആള്‍ത്തിരക്കുണ്ട്. പലവണ്ടികളിലും വാതിലില്‍ തൂങ്ങിക്കിടന്നുവരെ ആളുകള്‍ യാത്രചെയ്യുന്നുണ്ട്.
ഓണമാവുമ്പോഴേക്കും തിരക്ക് ഇനിയും കൂടും. സ്വാതന്ത്ര്യദിനവും ശനിയും ഞായറും അടുത്തടുത്തുവന്നതാണ് വ്യാഴാഴ്ചത്തെ ക്രമാതീതമായ തിരക്കിന് കാരണം. ഹൈവേ പണി നടക്കുന്നതിനാല്‍ കൂടുതല്‍പ്പേര്‍ ഇപ്പോള്‍ തീവണ്ടിയെ ആശ്രയിക്കുന്നുണ്ട്. രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ചെന്നൈയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് അത് ഒട്ടും പ്രയോജനകരമല്ല.
പരിഹാരമെന്ത്?
നിലവിലുള്ള വണ്ടികളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കുക, പുതിയവണ്ടികള്‍ അനുവദിക്കുക എന്നിവയാണ് പരിഹാരമാര്‍ഗം. മെമു സര്‍വീസ് ആരംഭിച്ചാല്‍ മലബാറിന് ആശ്വാസവും. കേരളത്തില്‍ 16 മെമു ട്രെയിനുകള്‍ സര്‍വീസ് നടത്തുമ്പോള്‍ അതില്‍ ഒരെണ്ണംമാത്രമാണ് മലബാറിനുള്ളത്. മംഗലാപുരത്തും ഷൊര്‍ണൂരും വന്ന് ഏറെനേരം കിടക്കുന്ന വണ്ടികള്‍ കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടിയാല്‍ അത് യാത്രക്കാര്‍ക്ക് പ്രയോജനകരമാവും.
ഇങ്ങനെ വിഷമിപ്പിക്കരുത്
യാത്രക്കാരെ റെയില്‍വേ ഇങ്ങനെ വിഷമിപ്പിക്കരുത്. ഓരോ ഓണക്കാലത്തും ആവര്‍ത്തിക്കുന്ന പ്രശ്നമാണിത്. മലബാറിനോടുള്ള റെയില്‍വേ അവഗണനയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാധ്യതാപഠനം കഴിഞ്ഞ് അനുയോജ്യമെന്ന് കണ്ടെത്തിയ സമയത്തുപോലും റെയില്‍വേ ബോര്‍ഡ് പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. ജനപ്രതിനിധികളും സംഘടനകളും ഈ ആവശ്യം ചൂണ്ടിക്കാട്ടിയിട്ടും റെയില്‍വേ ഇക്കാര്യം പരിഗണിക്കുന്നില്ല.
സി.ഇ. ചാക്കുണ്ണി,
വര്‍ക്കിങ് ചെയര്മാന്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന്
മലബാറിലും മാവേലിയിലും കോച്ചുകള്‍ കൂട്ടി
ഉത്സവകാലങ്ങളില്‍ വണ്ടികളില്‍ തിരക്കുകൂടുന്നത് സാധാരണമാണ്. മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ ഓരോ കോച്ച് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചു. കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നതിന് ഇപ്പോള്‍ അനുമതിയൊന്നും ലഭിച്ചിട്ടില്ല.
പബ്ലിക് റിലേഷന്‍സ് വിഭാഗം,
ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്
Content Highlights: Heavy rush in Malabar trains during Onam, especially Maveli and Malabar Express.
Published: 15 Aug 2025, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented