തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച (മേയ് 26) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്-
കാസർകോട്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ട്യൂഷൻ സെൻററുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കൾ) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതി തീവ്ര മഴ രേഖപ്പെടുത്തി.
കണ്ണൂർ-
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ (മേയ് 26, തിങ്കളാഴ്ച) പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്-
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. സർവ്വകലാശാലാ പരീക്ഷകൾക്കും , പി.എസ്. സി പരീക്ഷകൾക്കും അവധി ബാധകമല്ല
കോഴിക്കോട്-
നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
മലപ്പുറം-
കനത്ത മഴ തുടരുന്നതിനാലും മെയ് 26 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 26 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
തൃശ്ശൂര്‍-
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 26 ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 26) ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ്സകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
എറണാകുളം-
ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (26) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
കോട്ടയം-
അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 26 ന് അവധി പ്രഖ്യാപിച്ചു. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇടുക്കി-
ഇടുക്കി ജില്ലയിൽ നാളെ (26) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്താൻ പാടില്ല. മാതാപിതാക്കൾ ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളിൽ അത്തരം കുട്ടികൾ അവധി മൂലം വീട്ടിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അങ്കണവാടി അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിർദേശങ്ങൾ ഐ സി ഡി എസ് സൂപ്പർവൈസർ അങ്കണവാടി അധ്യാപകർക്ക് നൽകേണ്ടതുമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കും.
പത്തനംതിട്ട-
കനത്ത മഴയുടെ സാഹചര്യത്തില്‍ 26-05-2025 (തിങ്കളാഴ്ച) അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.
Content Highlights: heavy rainfall in kerala schools to be closed on monday
Published: 25 May 2025, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented