കൊച്ചി: വൂണ്ട് സർട്ടിഫിക്കറ്റുകളിലെ വീഴ്ചകൾ ക്രിമിനൽ കേസുകളെ ബാധിക്കുന്നുവെന്നും അതിനാൽ വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ കർശനമായി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ ചില ഡോക്ടർമാർ വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിൽ ഗുരുതര വീഴ്ചകൾ വരുത്തുന്നതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ആരോഗ്യവകുപ്പിനെ അറിയിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

To advertise here,

അക്രമം നടത്തിയതായി ആരോപിക്കപ്പെടുന്നവരുടെ പേരുകൾ രേഖപ്പെടുത്താതിരിക്കുക, പരിക്കുകളുടെ സ്വഭാവം വ്യക്തമായി വായിച്ചെടുക്കാൻ കഴിയാത്തവിധം രേഖപ്പെടുത്തുക, പരിക്കുകൾക്ക് കാരണമായ സാഹചര്യങ്ങൾ അപൂർണമായി രേഖപ്പെടുത്തുക തുടങ്ങിയ വീഴ്ചകൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തെയും പ്രോസിക്യൂഷൻ നടപടികളെയും നീതിനിർവഹണത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് വൂണ്ട് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുമ്പോൾ നിലവിലുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തമായും പൂർണമായും രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് സർക്കുലറിൽ നിർദ്ദേശിക്കുന്നു.

മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ നിഷ്കർഷിക്കുന്ന മാതൃകയിൽനിന്നോ നിർദ്ദേശങ്ങളിൽനിന്നോ വ്യതിചലിക്കുന്നത് നീതിനിർവഹണത്തെ ബാധിച്ചാൽ അതീവ ഗൗരവത്തോടെ കാണുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കുലറിലെ നിർദ്ദേശങ്ങൾ എല്ലാ സർക്കാർ ഡോക്ടർമാരുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും അടിയന്തരമായി നടപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം താനൂർ സ്വദേശിനിയും സർക്കാർ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലാണ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ നടപടി സ്വീകരിച്ചത്. പരാതി പരിശോധിച്ചശേഷം ആവശ്യമായ നിർദ്ദേശങ്ങളോടെ ആരോഗ്യവകുപ്പിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ സർക്കാർ ഡോക്ടർമാർക്കും നിർദ്ദേശം നൽകിക്കൊണ്ട് ആരോഗ്യ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.

പാറശ്ശാല താലൂക്ക് ആശുപത്രിയിലെ വീഴ്ചയും പരാതിയിൽ

മകൻ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേറ്റ കാരോട് സ്വദേശി തങ്കപ്പനെ രാത്രി പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ തുടർചികിത്സ ലഭിക്കാതെ പിന്നീട് വീട്ടിൽവെച്ച് അദ്ദേഹം മരിച്ചു. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച തങ്കപ്പനെ തുടർചികിത്സയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ വൂണ്ട് സർട്ടിഫിക്കറ്റിലോ പോലീസ് ഇൻറ്റിമേഷനിലോ രേഖപ്പെടുത്തിയിരുന്നില്ല.

ഗുരുതരമായി മർദനമേറ്റ തങ്കപ്പനെ പ്രതിയായ മകൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ രോഗിയെ സുരക്ഷിതമായി തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെത്തിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ അന്നത്തെ ഡ്യൂട്ടി ഡോക്ടറായിരുന്ന ലീന വിശ്വന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

പിതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകനെ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. രാത്രി പത്തുമണിയോടെ ആശുപത്രിയിലെത്തിച്ച രോഗിയെ പുലർച്ചെ ഒന്നുമണിക്ക് ശേഷമാണ് ഡോക്ടർ പരിശോധിച്ചതെന്ന് പ്രതിഭാഗം കോടതിയിൽ തെളിവുകൾ നിരത്തിയിരുന്നു. എന്നാൽ രോഗി ആശുപത്രിയിലെത്തിയ സമയവും ഒ.പി. രേഖപ്പെടുത്തിയ സമയവും തെളിയിക്കുന്ന ആശുപത്രി രേഖകൾ വിചാരണയ്ക്കിടെ ഡ്യൂട്ടി ഡോക്ടർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇത്തരം വീഴ്ചകൾ മറച്ചുവെക്കുന്നത് ശരിയായ നടപടിക്രമമല്ലെന്നും മെഡിക്കോ ലീഗൽ രേഖകളിലെ അപാകതകൾ കേസുകളുടെ വിചാരണയെയും വിധിയെയും വരെ സ്വാധീനിക്കാമെന്നും ഡോ. കെ. പ്രതിഭ പരാതിയിൽ ചൂണ്ടിക്കാട്ടി.