തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം. നായര്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യപകന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രധാനാധ്യപകന്‍ ടി.എസ്. പ്രദീപ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഫോര്‍ട്ട് ഹൈസ്‌കൂള്‍ മാനേജരാണ് പ്രധാനാധ്യപകനെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ പ്രദീപ് കുമാറിന്റെ വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

To advertise here,

സംഭവത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാനാവില്ല. സ്‌കൂള്‍ മുകേഷിനെ പരിപാടിയിലേക്കു ക്ഷണിച്ചില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം വിവാദമായതോടെ ഉപഡയറക്ടര്‍ സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തിരുന്നു. സ്‌കൂള്‍ മുകേഷിനെ ക്ഷണിച്ചിരുന്നില്ലെന്നും ചടങ്ങ് സ്പോണ്‍സര്‍ ചെയ്ത ജെസിഐ എന്ന സംഘടനയാണ് അതിഥിയായി പങ്കെടുപ്പിച്ചതെന്നുമായിരുന്നു സ്‌കൂളിന്റെ വിശദീകരണം. പോക്സോ കേസ് പശ്ചാത്തലം അറിയാതെയാണ് അതിഥിയായെത്തിച്ചതെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും സംഘടന ഹെഡ്മാസ്റ്ററെ അറിയിച്ചിരുന്നു.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുകേഷ് എം. നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.