ഇടുക്കി: ജനപ്രതിനിധികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്നാരോപിച്ച് ഇടുക്കി മാങ്കുളത്ത് ശനിയാഴ്ച ഹര്‍ത്താല്‍. മാങ്കുളം ജനകീയസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഎഫ്ഒ സുഭാഷ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.  

To advertise here,

പ്രദേശത്തെ വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് പവലിയന്‍ നിര്‍മിച്ചിരുന്നു. പവലിയന്റെ നിര്‍മാണം വനഭൂമിയിലാണെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് പരിശോധനക്കെത്തി. ഇത് ജനപ്രതിനിധികള്‍ തടഞ്ഞതാണ് സംഘര്‍ങ്ങളുടെ തുടക്കം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പിന്നീട് പരാതി ഉയര്‍ന്നു. സ്ഥലത്തുനിന്നുമടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞതോടെ പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. 

വനംവകുപ്പിന്റെ തുടര്‍ച്ചയായുള്ള അനാവശ്യഇടപെടലുകളിലും ജനപ്രതിനിധികളെ മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.