കൊല്ലം: സംസ്ഥാനത്ത് കടലേറ്റത്തിൽ കടൽഭിത്തികൾ തകരുകയും താഴ്ന്നുപോവുകയും ചെയ്യുന്നതിനിടെ പുനരുദ്ധാരണത്തിനും പുതിയവയുടെ നിർമാണത്തിനും ഗുണനിലവാരമുള്ള വലിയ പാറകളുടെ ലഭ്യതക്കുറവ് പ്രതിസന്ധിയാകുന്നു. ആവശ്യത്തിന് കല്ല് ലഭിക്കാത്ത സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് ഗതാഗതച്ചെലവും പാറവിലയും ഗണ്യമായി ഉയരാനിടയാക്കിയിട്ടുണ്ട്. തമിഴ്നാട് നിന്നുള്ള ക്വാറിയുത്പന്നങ്ങളുടെ നിരോധനം കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായി.

To advertise here,

സംരക്ഷണ സംവിധാനമുള്ളിടങ്ങളിൽ 78 കിലോമീറ്ററിന് അടിയന്തര പുനരുദ്ധാരണം ആവശ്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഈ വർഷത്തെ കേരള വികസന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം സംരക്ഷണ സംവിധാനമുള്ള 370 കിലോമീറ്റർ തീരത്തിൽ 206 കിലോമീറ്ററാണ് സ്ഥിരതയുള്ളത്. മറ്റിടങ്ങളിൽ നിലവിലുള്ള ഭിത്തികൾ കടലേറ്റം പ്രതിരോധിക്കാൻ പര്യാപ്തമല്ല.

ശക്തമായ തിരമാലകളിൽ കല്ലുകൾ ഇളകിപ്പോകൾ, സംരക്ഷണപാളിക്ക് കേടുപാടുകൾ, അടിത്തറയ്ക്കുസമീപം മണ്ണൊലിപ്പ് എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈപ്പിൻ, ചെല്ലാനം തീരങ്ങളിലും മലബാർ മേഖലയിലും മുമ്പ് നിർമിച്ച കരിങ്കൽഭിത്തികൾ കാലപ്പഴക്കവും കടലേറ്റവും മൂലം തകർന്ന് താഴ്ന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് ശംഖുംമുഖം മുതൽ വലിയവേളി വരെയുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും കടൽഭിത്തിയില്ല. ആലപ്പാട് വെള്ളനാതുരുത്ത് മുതൽ അഴീക്കൽ വരെയുള്ള 13.6 കിലോമീറ്റർ തീരഭാഗത്ത് നിലവിലുള്ള പലസ്ഥലങ്ങളിലും തകർന്നും കടലിൽ താഴ്ന്നും കേടുപാടുകൾ സംഭവിച്ചുമാണ് കിടക്കുന്നത്. ആലപ്പുഴയിലെ പുറക്കാട്, ഒറ്റമശ്ശേരി എന്നിവിടങ്ങളിലെ ഭിത്തികളും പുനർനിർമിക്കേണ്ട നിലയിലാണ്. മലപ്പുറത്തെ എടക്കടപ്പുറം, ചീരാൻകടപ്പുറം, അൽബസാർ, ഒസ്സാൻ കടപ്പുറം, കേർമൻ കടപ്പുറം, അഞ്ചുടി, അരിയല്ലൂർ ബീച്ച് എന്നീ കടൽക്ഷോഭബാധിത പ്രദേശങ്ങളിൽ ഭൂരിഭാഗവും കടൽഭിത്തിയില്ലാത്തവയാണ്. കാസർകോട്‌ കണ്വതീർഥ, മുസോടി, മണിമുണ്ട, ഹനുമാൻനഗർ, ബംഗളെ, ഐല, വലിയപറമ്പ് എന്നിവിടങ്ങളിലും കടൽഭിത്തി നിർമിച്ചിട്ടില്ല.

ചെല്ലാനത്ത് ആദ്യഘട്ടമായി നിർമിച്ച 7.35 കിലോമീറ്റർ ടെട്രാപോഡ് ഭിത്തിയും ആറു പുലിമുട്ടുകളും അവിടെ കടൽക്ഷോഭം പ്രതിരോധിക്കാൻ പര്യാപ്തമാണ്. 20,250 ടെട്രാപോഡുകളും 3.5 ലക്ഷം മെട്രിക് ടൺ കരിങ്കല്ലുമാണ് ഇവിടെ ഉപയോഗിച്ചത്.