ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുൻപിൽ 'സാഹസം' കാണിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുകയെന്ന വകുപ്പും ബാലനീതി വകുപ്പും ചേർത്താണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ആനയുടെ രണ്ടാംപാപ്പാനായ ജിതിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാംപാപ്പാന്റെ സഹായിയും കുഞ്ഞിന്റെ അച്ഛനുമായ അഭിലാഷ് ഒളിവിലാണ്. ഇയാളെയും ഉടൻപിടികൂടുമെന്നാണ് പോലീസ് നൽകുന്നവിവരം.
പാപ്പാനെ കൊന്നതിനാൽ നാലുമാസമായി തളച്ചിരിക്കുന്ന 'ഹരിപ്പാട് സ്‌കന്ദൻ' എന്ന ആനയ്ക്ക് മുൻപിൽ അഭിലാഷ് നടത്തിയ കൈവിട്ടകളിയിൽ തലനാരിഴയ്ക്കാണ് അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത്. കൊമ്പിൽത്തട്ടി ആനയുടെ കാൽക്കലേക്കു വീണ കുഞ്ഞിനെ അച്ഛൻതന്നെ പെട്ടെന്ന് എടുത്തുമാറ്റുകയായിരുന്നു. പ്രകോപനമുണ്ടായിട്ടും ആന പ്രതികരിക്കാഞ്ഞതിനാൽ ദുരന്തമൊഴിവായി. ഇതിന്റെ വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വലിയകൊട്ടാരം വളപ്പിൽ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിലെ ആന സ്‌കന്ദന്റെ രണ്ടാംപാപ്പാൻ ജിതിൻരാജിന്റെ സഹായി കൊട്ടിയം സ്വദേശി അഭിലാഷാണ് കുഞ്ഞുമായി ആനയ്ക്കരികിൽ അപകടകരമായ അഭ്യാസം കാട്ടിയത്.
അന്ന് ഈ ക്ഷേത്രത്തിൽ അന്ന് കുഞ്ഞിന്റെ ചോറൂണ് ചടങ്ങ് നടന്നിരുന്നു. തുടർന്ന്, കുഞ്ഞുമായി അഭിലാഷ് ആനയുടെ അടുത്തെത്തി. കുഞ്ഞിനെക്കൊണ്ട് ആനയെ ഉമ്മവെപ്പിച്ചു. ഭക്ഷണവും കൊടുപ്പിച്ചു. ജിതിൻരാജ് കുഞ്ഞിനെയെടുത്ത് ആനയുടെ കാലുകൾക്കിടയിലൂടെ നടന്നു. തുടർന്ന്, അഭിലാഷ് വീണ്ടും ആനയ്ക്ക് ഉമ്മ കൊടുപ്പിക്കുന്നതിനിടയിലാണ് കുഞ്ഞ് വഴുതി കാൽക്കലേക്കു വീണത്. അഞ്ചരമാസം പ്രായമുള്ള ആൺകുഞ്ഞാണ്. കുഞ്ഞ് നിലത്തു വീഴുമ്പോൾ ആന പെട്ടന്നു തലയുർത്തി മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
2025 ഓഗസ്റ്റ് 31-നാണ് സ്‌കന്ദൻ പാപ്പാന്മാരെ ആക്രമിച്ചത്. അന്നത്തെ രണ്ടാം പാപ്പാൻ സുനിൽകുമാറിനെ തട്ടിവീഴ്ത്തിയ ആനയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാൻ മുരളീധരൻനായരാണ് കൊല്ലപ്പെട്ടത്. സുനിൽകുമാർ ഏറെക്കാലം ചികിത്സയിലായിരുന്നു. രണ്ടാം പാപ്പാനായി അടുത്തിടെയാണ് ജിതിൻ രാജിനെ നിയോഗിച്ചത്.
മദപ്പാട് കണ്ട് ആനയെ 2025 ഫെബ്രുവരി 18-നു തളച്ചിരുന്നു. മദപ്പാടു മാറി എന്നു കരുതി ഓഗസ്റ്റ് 31-ന് അഴിച്ചപ്പോഴാണ് പാപ്പാന്മാരെ ആക്രമിച്ചത്. അന്ന് ഏറെ ബുദ്ധിമുട്ടിയാണ് ആനത്തറിക്കു സമീപത്തെ മരത്തിൽ തളച്ചത്. അവിടെനിന്ന് തറിയിലേക്കു മാറ്റാനായിട്ടില്ല. ആനയെ അഴിക്കാൻ ഡോക്ടർമാരുടെ അനുമതിയും ലഭിച്ചിട്ടില്ല.
പാപ്പാൻമാർ കുഞ്ഞുമായി ആനയുടെയടുത്തു നിൽക്കുന്നതിന്റെ വീഡിയോ ക്ഷേത്രത്തിലെത്തിയവരാണു പകർത്തിയത്. സംഭവം വിവാദമായതിനാൽ ദേവസ്വംബോർഡ് അധികൃതർ അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മിഷനും വിവരം തേടിയിട്ടുണ്ട്.
Content Highlights: A man`s reckless act endangered his infant son near a controlled elephant in Haripad. Police have registered a case and are searching for the father.
Published: 07 Jan 2026, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented