ഗുരുവായൂർ (തൃശ്ശൂർ): ഗുരുവായൂരിൽ ഞായറാഴ്ച മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം ഇത്രയും കല്യാണങ്ങൾ ഇതുവരെയും നടന്നിട്ടില്ല. 2024 സെപ്റ്റംബർ എട്ടിന് 344 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോർഡ്.

To advertise here,

ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി. വെളുപ്പിന് നാലു മുതൽ താലികെട്ട് നടത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. തിരക്ക് കണക്കിലെടുത്ത് കൂടുതൽ കോയ്മമാരെ നിയോഗിച്ചു.

മംഗളവാദ്യമായ നാഗസ്വരം, തകിൽവാദ്യകലാകാരൻമാരും കൂടൂതൽപേരുണ്ടാകും. കല്യാണക്കാർ താലികെട്ടു സമയത്തിന് അര മണിക്കൂറെങ്കിലും മുൻപായി ബന്ധപ്പെട്ട കൗണ്ടറുകളിൽ റിപ്പോർട്ടു ചെയ്യണം.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുള്ള നടപ്പന്തലിലാണ് വിവാഹസംഘം വരേണ്ടത്. വരനും വധുവും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേരെയാണ് പ്രവേശിപ്പിക്കുക.

കല്യാണം ശീട്ടാക്കിയതിന്റെ രേഖയും രണ്ടുപേരുടെയും ആധാർകാർഡുകളും കൗണ്ടറിൽ കാണിക്കണം. താലികെട്ടു നടക്കുമ്പോൾ വരനും വധുവിനുമൊപ്പം രണ്ടു പേരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളുമായി അഞ്ചോ ആറോ പേർക്ക് കതിർമണ്ഡപത്തിലേക്കു കയറാം.

താലികെട്ടു കഴിഞ്ഞ് വധൂവരൻമാരും ഒപ്പമുള്ളവരും ദീപസ്തംഭത്തിനു തെക്കുഭാഗത്തുകൂടി തെക്കേ നടപ്പന്തലിലേക്ക്‌ മടങ്ങിപ്പോകണം.

ഇതിന്റെയെല്ലാം ട്രയൽ ചെയർമാന്റെയും ഭരണസമിതിയംഗങ്ങളുടെയും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച നടത്തി. ക്ഷേത്രനടയിൽ 100 പോലീസുകാരെ അധികമായി നിയോഗിച്ചതായി ഗുരുവായൂർ എ.സി.പി. സുരേന്ദ്രൻ മങ്ങാട് അറിയിച്ചു. 45 സുരക്ഷാജീവനക്കാരെ അധികമായി നിയോഗിച്ചതായി ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സുബ്രഹ്മണ്യം സ്വാമി, സുനിൽ എന്നിവർ അറിയിച്ചു.

വധൂവരന്മാർക്കു വേണം, ആയിരം തുളസിമാലകൾ...

ഗുരുവായൂർ 400 കല്യാണങ്ങളുണ്ടെങ്കിൽ വധൂവരന്മാർക്കായി 800 തുളസിമാലകൾ കെട്ടണം. അതിനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം പാരമ്പര്യ കുടുംബാംഗങ്ങൾ.

തിരുവെങ്കിടം വാരിയത്തെ രാജശേഖരൻ വാര്യരുടെ മേൽനോട്ടത്തിൽ ശ്യാം സുന്ദർ, ഉണ്ണികൃഷ്ണവാര്യർ, മോഹന പിഷാരടി, ബാലകൃഷ്ണ പിഷാരടി, പ്രസന്നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് മാലകെട്ടൽ നിർവഹിക്കുന്നത്. 437 കല്യാണങ്ങളുള്ളതിനാൽ ആയിരത്തോളം മാലകൾ വേണ്ടിവരും.

തമിഴ്‌നാട്ടിൽനിന്നായി 500 കിലോ തുളസിയാണ് കൊണ്ടുവന്നിട്ടുള്ളത്. ക്ഷേത്രം ഗോപുരം ഓഫീസിനോടു ചേർന്ന മുറിയിലാണ് മാലകെട്ടൽ നടക്കാറ്. എന്നാൽ, ഞായറാഴ്ചയ്ക്ക് കൂടുതൽ മാലകൾ കെട്ടാനുള്ളതിനാൽ ക്ഷേത്ര ത്തിനകത്തുതന്നെ പ്രത്യേകമായി സ്ഥലം ദേവസ്വം ഒരു ക്കിക്കൊടുത്തിട്ടുണ്ട്.

റോഡുകളിൽ പാർക്കിങ് ഇല്ല; വൺവേ കർശനം

ഞായറാഴ്ച ഇന്നർ-ഔട്ടർ റിങ്റോഡുകളുടെ അരികുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ദേവസ്വത്തിന്റെ പാർക്കിങ്‌കേന്ദ്രങ്ങൾ തികഞ്ഞില്ലെങ്കിൽ വാഹനങ്ങൾക്കായി ശ്രീകൃഷ്ണ സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടുകൾ തുറന്നുകൊടുക്കും. ഇന്നർ- ഔട്ടർറിങ് റോഡുകളിൽ ഇരു ചക്രവാഹനങ്ങൾക്ക് ഒഴികേ വൺവേ കർശനമാക്കും.