
തൃശ്ശൂര്‍: സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം പങ്കാളികളായ തൃശ്ശൂരിലെ സ്വര്‍ണവേട്ടയില്‍ ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത് വിനോദയാത്രയെന്നു പറഞ്ഞ്. എറണാകുളത്ത് ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനമുണ്ടായിരുന്നു. അവിടെനിന്നാണ് ഉദ്യോഗസ്ഥരെ തൃശ്ശൂരിലെത്തിച്ചത്. എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്വര്‍ണാഭരണനിര്‍മാണ യൂണിറ്റുകളിലും അവയുടെ ഉടമസ്ഥരുടെയോ പ്രധാന ജീവനക്കാരുടെയോ വീടുകളിലും ഫ്‌ലാറ്റുകളിലുമുള്‍പ്പെടെ 78 ഇടങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തി.
പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പോഴും പല സ്ഥാപനങ്ങളിലും ഉപഭോക്താക്കളുണ്ടായിരുന്നു. ഉപഭോക്താക്കളാണെന്ന് ഉറപ്പുവരുത്തി ഇവരെ ഇറക്കിവിട്ടു. മറ്റിടങ്ങളില്‍ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് കിട്ടിയ ബാഗുകളില്‍ സ്വര്‍ണം വാരിയിട്ട് ഓടിയിറങ്ങിയ ജീവനക്കാരിയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ടുപിടിച്ചു. ഇവരില്‍നിന്ന് ആറര കിലോഗ്രാം സ്വര്‍ണം പിടികൂടി. ജി.എസ്.ടി. വെട്ടിച്ച് വിലക്കുറവില്‍ വില്‍പ്പന നടത്തുന്ന ആഭരണനിര്‍മാണയൂണിറ്റുകള്‍ ഏഴു മാസമായി ജി.എസ്.ടി. ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.
കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം അഞ്ചു വര്‍ഷമായി ഇവര്‍ ജി.എസ്.ടി. വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുകകൂടിയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം കണക്കില്‍ക്കാണിക്കാതെ വില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആ സ്വര്‍ണം ഇങ്ങോട്ടെത്തുന്നത് തടയുകയും പരിശോധനകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
സിനിമാ സ്റ്റൈല്‍ പ്ലാനിങ്ങ്
തൃശ്ശൂരില്‍ ജി.എസ്.ടി. വകുപ്പിന്റെ സ്വര്‍ണവേട്ടയ്ക്കുവേണ്ടി ധനവകുപ്പ് നടത്തിയത് സിനിമാ സ്റ്റൈല്‍ ആസൂത്രണം. മന്ത്രി കെ.എന്‍. ബാലഗോപാലും ഉന്നത ഉദ്യോഗസ്ഥരും മാത്രമറിഞ്ഞു തയ്യാറാക്കിയതായിരുന്നു ഓപ്പറേഷന്‍. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ദൗത്യമറിഞ്ഞത് കടയില്‍ പരിശോധന നടത്തുന്നതിനു നിമിഷങ്ങള്‍ മുന്‍പ് മാത്രം. സംസ്ഥാന ജി.എസ്.ടി. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് ഓപ്പറേഷനാണിതെന്ന് ധനവകുപ്പ് അധികൃതര്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജി.എസ്.ടി. ഓഡിറ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. വിവരം ചോരാതിരിക്കാന്‍ എഴുനൂറിലേറെ ഉദ്യോഗസ്ഥരെ ട്രെയിനിങ്ങിന്റെപേരില്‍ തൃശ്ശൂരിലെത്തിച്ചു. റെയ്ഡിന് അഞ്ച് ടൂറിസ്റ്റ് ബസുകളും ഏഴ് വാനുകളും ഉപയോഗിച്ചു. തൃശ്ശൂരില്‍ എത്തിച്ച വാഹനങ്ങളില്‍ വിനോദസഞ്ചാര സംഘം എന്ന ബാനര്‍ കെട്ടി വ്യാപാരകേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചു. അയല്‍ക്കൂട്ടസംഘങ്ങളുടെ ഉല്ലാസയാത്ര എന്നപേരിലായിരുന്നു ഉദ്യോഗസ്ഥസംഘത്തിന്റെ വിന്യാസം.
തുടര്‍ന്നുള്ള ഓപ്പറേഷനില്‍ 75 ഇടങ്ങളില്‍ ഒരേസമയം ഉദ്യോഗസ്ഥര്‍ കയറി. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സ്വര്‍ണമാണ് ഉദ്യോഗസ്ഥസംഘം പിടിച്ചെടുത്തത്. ഇവയില്‍ നിര്‍മാണത്തിലിരിക്കുന്നതും ജോലികള്‍ പൂര്‍ത്തിയാക്കിയതുമായ ആഭരണങ്ങളുണ്ട്. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറി ലോക്കറിലേക്ക് മാറ്റി. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണത്തിന്റെ വില. സ്വര്‍ണത്തില്‍ നികുതിചോര്‍ച്ചയുണ്ടെന്നും വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. നികുതിപിരിവ് ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി മറുപടിയും നല്‍കി. ഇതിനുപിന്നാലെയാണ് സ്വര്‍ണവേട്ട.
Content Highlights: GST officials conducted a raid in Thrissur, seizing 6.5 kg gold from jewellery businesses
Published: 25 Oct 2024, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented