കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകിയതിനെതിരേ സി.പി.എം. സഹയാത്രികനായ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ. ആശ വർക്കർമാരുടെ പ്രശ്നം തീർക്കാൻ കഴിയാത്ത സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരിക്കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഓൺലൈൻ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു. മാനദണ്ഡങ്ങൾക്കനുസൃതമല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും ഖജനാവിൽനിന്ന് പണമെടുത്തുകൊടുക്കാൻ വേലുത്തമ്പിയുടെ നാട്ടുകാരനായ ബാലഗോപാലിന് എങ്ങനെ സാധിക്കുന്നു. ന്യായമായ എന്തുകാര്യത്തിനും ഒബ്ജക്ഷൻ പറയുന്ന ധനവകുപ്പ് ഈ ഒരാളുടെ കാര്യത്തിൽ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.
എറണാകുളം മണ്ഡലത്തിൽ 2009-ൽ താൻ ജയിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും, തന്നെ ഒഴിവാക്കി സിന്ധു ജോയിയെ സ്ഥാനാർഥിയായി കൊണ്ടുവന്ന് കെ.വി. തോമസിന്റെ ജയം ഉറപ്പാക്കിയ നേതാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.
പാർട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗിക വസതിയിൽ പാതി പാർട്ടിക്ക് നൽകുകയും ചെയ്തയാളാണ് ഞാൻ. പാർട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എന്റെ ക്ഷേമത്തിൽ താത്പര്യം കാണിക്കാത്ത പാർട്ടി എതിർപാളയത്തുനിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതര സാധാരണമാണ്.
തോമസിനോടുള്ള കുശുമ്പുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആയിരക്കണക്കിന് സഖാക്കൾ ജീവൻ ത്യജിച്ചും രക്തമൊഴുക്കിയും നേടിയ അധികാരത്തിന്റെ പങ്ക് അനർഹർ കാംക്ഷിക്കരുത്. സർക്കാരിന്റേതായ ഒരു പദവിയും ഞാൻ സ്വീകരിക്കാതിരിക്കുന്നത് ഇക്കാരണത്താലാണെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു.
Content Highlights: Sebastian Paul criticizes the Kerala government for increasing benefits to KV Thomas
Published: 13 Mar 2025, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented