തിരുവനന്തപുരം: തീരദേശമേഖലയിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം പഠിക്കാൻ സർക്കാർ. തീരദേശത്തു ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായാണ് പുതിയ പഠനം. വനിതാ-ശിശുവികസന വകുപ്പാണ് തിരഞ്ഞെടുത്ത ജില്ലകളിൽ മാതൃകാപഠനം നടത്തി പ്രശ്നങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്നത്.

To advertise here,

കുടുംബപശ്ചാത്തലം, സ്ത്രീകളുടെ സാമൂഹ്യസ്ഥിതി, തൊഴിൽ, സമ്പാദ്യശീലം തുടങ്ങി ഒൻപതു മേഖലകളാണ് പഠനവിധേയമാക്കുന്നത്. കണ്ണൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരദേശഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം. ഈ ജില്ലകളിലെ എട്ട്‌ ബ്ലോക്ക് പഞ്ചായത്തുകളിലാണ് പഠനം. ആലപ്പുഴയിൽ രണ്ട്‌ ബ്ലോക്ക് പഞ്ചായത്തുകളിലും കണ്ണൂർ, മലപ്പുറം ജില്ലകളിലെ മൂന്നു വീതം ബ്ലോക്കുകളിലുമാണ് സ്ത്രീകളുടെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള വിവരശേഖരണവും ചർച്ചകളും നടത്തുക.

ഓരോ ബ്ലോക്കിലും അമ്പതു സ്ത്രീകളിൽനിന്നാവും വിവരങ്ങൾ ശേഖരിക്കുക. പ്രദേശങ്ങൾ അനുസരിച്ചുള്ള ജീവിതസാഹചര്യങ്ങളുടെ വ്യത്യാസം മനസ്സിലാക്കാനായി പ്രത്യേക പഠനങ്ങളും നടത്തും.തിരഞ്ഞെടുക്കുന്ന കോളേജിലെ രണ്ട്‌ എം.എസ്.ഡബ്ല്യു. വിദ്യാർഥികളാണ് ഓരോ ബ്ലോക്കിലും വിവരശേഖരണത്തിനെത്തുക.

ജെൻഡർ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനം പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് വിശകലനം ചെയ്യുക. ഒരു വർഷംകൊണ്ട് വിവരശേഖരണം നടത്തി പഠനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പഠനത്തിന് അനുമതി

തീരദേശമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം ഒരുക്കുന്നതിനുള്ള പഠനത്തിന് അനുമതി നൽകിയതായി വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിതാ വി.കുമാർ. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾ പഠിക്കുകയെന്നും ഡയറക്ടർ പറഞ്ഞു.

ലക്ഷ്യം ഗുണമേന്മയുള്ള പഠനം

വെറും വിവരശേഖരണത്തിനപ്പുറം ഗുണമേന്മയുള്ള പഠനമാണ് ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. എസ്.മോഹനകുമാർ. ജീവിതത്തിലെ അസ്വസ്ഥതകളുടെ കാരണം അവർതന്നെ കണ്ടെത്തി വിശകലനംചെയ്യുന്ന രീതിയാണ് പഠനത്തിനായി ഉപയോഗിക്കുക. ഹാപ്പിനസ് ഡയഗ്രം, സ്കോർ കാർഡ് മെതേഡ് തുടങ്ങിയ രീതികൾ ഉപയോഗിച്ചാണ് പ്രശ്നങ്ങൾ കണ്ടെത്തുക.