
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടലേറ്റമുണ്ടാകുന്ന തീരമേഖലകളിലൊന്നാണ് പൂന്തുറ. കഴിഞ്ഞ പത്തു വർഷത്തിനിടെ പല ഘട്ടങ്ങളിലായുണ്ടായ ശക്തമായ കടലേറ്റത്തിൽ പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ വീടുകളും സ്വത്തുക്കളും മീൻപിടിത്തയാനങ്ങളും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും ഏറെയാണ്. ആൾക്കാരെ പലയിടങ്ങളിലായി മാറ്റിപ്പാർപ്പിച്ചായിരുന്നു താത്‌കാലികപരിഹാരം കണ്ടിരുന്നത്. ശാശ്വതപരിഹാരം കാണുന്നതിനാണ് സർക്കാർ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ സഹായത്തോടെ പൂന്തുറയിൽ ഭൂവസ്ത്രക്കുഴൽ ഉപയോഗിച്ചുള്ള ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ നിർവഹണത്തിന് സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി. തുടർന്ന് പൂന്തുറയിലെ ആഴക്കടലിൽ പരീക്ഷണാടിസ്ഥാനത്തിൽ ഭൂവസ്ത്രക്കുഴൽ(ജിയോ ട്യൂബ്) ഉപയോഗിച്ചുള്ള ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കി. ഇതു ഫലംകണ്ടു. നഷ്ടപ്പെട്ടുപോയ തീരത്തിന്റെ പകുതിയോളം തീരം തിരിച്ചെടുക്കാൻ കഴിഞ്ഞത് പദ്ധതിയുടെ വലിയ നേട്ടമായി.
പദ്ധതി ഇനി വേളി വരെയും
: കിഫ്ബി ഫണ്ടിൽനിന്നുള്ള 150 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ പൂന്തുറയിൽ 22 കോടിയാണ് ചെലവു പ്രതീക്ഷിച്ചിരുന്നത്. കേവലം 16 കോടി രൂപയ്ക്ക് പൈലറ്റ് പ്രോജക്ട് നടത്താനും പദ്ധതി വിജയിപ്പിക്കാനുമായെന്ന് തീരദേശ വികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇനി പൂന്തുറ മുതൽ ബീമാപള്ളി, ചെറിയതുറ, വലിയതുറ, വലിയതോപ്പ്, ശംഖുംമുഖം, വെട്ടുകാട് വേളി വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരത്തിലുള്ള തീരം തിരിച്ചുപിടിക്കുന്നതിനുള്ള മാതൃകാപഠനവും(മോഡൽ സ്റ്റഡി) പൂർത്തിയാക്കി. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും പദ്ധതി ഇവിടങ്ങളിലേക്കും വ്യാപിപ്പിക്കുക.
കല്ലുകളുടെ ഭിത്തി വേണ്ടാ
കല്ലുകളിട്ടുള്ള ഭിത്തി ഇനി വേണ്ടാ. ജിയോ ട്യൂബുകൾ സ്ഥാപിച്ചതോടെ കൂടുതൽ തീരം കിട്ടിയിട്ടുണ്ട്. വള്ളങ്ങൾ വെക്കാനുള്ള സ്ഥലവും ലഭിച്ചിട്ടുണ്ട്. വലിയ തിരകൾ തീരത്തേക്ക് അടിച്ചുകയറുന്നതും കുറഞ്ഞിട്ടുണ്ട്.
ഡോൺ ബോസ്‌കോ
മത്സ്യത്തൊഴിലാളി
തീരം തിരിച്ചുവന്നു
വർഷങ്ങളായി അനുഭവിച്ചുവന്ന ദുരിതത്തിന് വലിയ കുറവുണ്ടായിട്ടുണ്ട്. വേലിയേറ്റസമയത്ത് തിരകളടിച്ച് വീടുകൾ നഷ്ടപ്പെടുന്നതിന് ശമനമുണ്ടായി. നഷ്ടപ്പെട്ടിരുന്ന തീരം തിരിച്ചുവന്നിട്ടുണ്ട്. ജിയോ ട്യൂബ് പദ്ധതി ഞങ്ങളുടെ കുടുംബങ്ങൾക്കു രക്ഷയായി.
സൂസാ മരിയൻ
മത്സ്യത്തൊഴിലാളി.
Content Highlights: Poonthura's Coastal Revival: Geo-Tube Breakwater Project Reclaims Eroded Shores
Published: 16 Dec 2025, 09:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented