തൃശ്ശൂർ: അതിവേഗം വളരുന്ന മത്സ്യകൃഷിമേഖലകളിലൊന്നായ കടൽപ്പായൽകൃഷിയിൽ വനിതാസംഘങ്ങൾക്ക് അവസരം. സമുദ്രത്തിലെ ‘അദ്‌ഭുതസസ്യ’മായി കണക്കാക്കുന്ന കടൽപ്പായൽ കൃഷിചെയ്യുന്നതിലൂടെ തീരമേഖലയിലെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി വളർച്ചയ്ക്കുള്ള അവസരംകൂടിയാണ് ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജനയുടെ ഉപപദ്ധതിയായാണ് ഇതിനുള്ള സഹായം ലഭിക്കുന്നത്.

To advertise here,

കേന്ദ്ര സമുദ്രമത്സ്യഗവേഷണകേന്ദ്രം (സി.എം.എഫ്.ആർ.ഐ.) സംസ്ഥാനത്ത് കടൽപ്പായൽകൃഷിക്ക് യോജ്യമായ ഏഴ് സ്ഥലങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം, തിരുമല്ലവാരം, എലത്തൂർ, പുതിയാപ്പ, തിക്കോടി, പടന്ന, ബേക്കൽ എന്നിവിടങ്ങളാണവ. ഇവിടങ്ങളിലെ 80 ഹെക്ടർ കടൽത്തീരം കടൽപ്പായൽകൃഷിക്ക് അനുയോജ്യമാണെന്നാണ് കണ്ടെത്തിയത്.

കടൽപ്പായലിൽനിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ ഭക്ഷണം, സൗന്ദര്യവർധകവസ്തുക്കൾ, മരുന്ന് തുടങ്ങിയവയിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സത്ത് ആരോഗ്യവർധകഭക്ഷണങ്ങളുടെ (ഹെൽത്ത് സപ്ലിമെന്റ്) നിർമാണത്തിലും ഉപയോഗിക്കുന്നു.

സി.എം.എഫ്.ആർ.ഐ.യുടെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ്‌ ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തിയുടെ നേതൃത്വത്തിൽ രോഗപ്രതിരോധത്തിനും കൊളസ്ട്രോൾ നിയന്ത്രണത്തിനും ഫാറ്റി ലിവറിനെ ചെറുക്കുന്നതിനും പ്രകൃതിദത്ത ഉത്പന്നങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഹായധനം

പദ്ധതിപ്രകാരം ഫിഷറീസ്, അക്വാകൾച്ചർ സൂക്ഷ്‌മസംരംഭങ്ങൾക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം നൽകുന്നത്. സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും നിക്ഷേപത്തിന്റെ 35 ശതമാനം അല്ലെങ്കിൽ 45 ലക്ഷം രൂപവരെയും പൊതുവിഭാഗത്തിന് 25 ശതമാനം അല്ലെങ്കിൽ പരമാവധി 35 ലക്ഷം രൂപ വരെയുമാണ് നൽകുന്നത്. ധനകാര്യസ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വായ്പ ലഭിക്കുന്നതിനും അവസരം ലഭിക്കും.

വിശദാംശങ്ങൾക്ക്: https://pmmkssy.dof.gov.in

കടൽപ്പായലെന്നാൽ...

കടലിലെ പാറകളിലോ പവിഴപ്പുറ്റുകളിലോ പറ്റിപ്പിടിച്ചു വളരുന്ന ചെറുസസ്യങ്ങളാണ് കടൽപ്പായലുകൾ. ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാവുന്ന ഘടകങ്ങൾ ഇവയിലുണ്ട്. വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാൽ കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനും ഇവ സഹായിക്കും. മണ്ണിനെ കൃഷിയോഗ്യമാക്കുമെന്നതിനാൽ ജൈവകൃഷിക്കും അനുയോജ്യമാണ്.