തിരുവനന്തപുരം: സര്‍ക്കാര്‍ സഹായധനത്തോടെ (ഗ്രാന്റ് ഇന്‍ എയ്ഡ്) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍. ഈ സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും മറ്റുചെലവുകളും സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഇതെല്ലാം സ്ഥാപനങ്ങള്‍ സ്വന്തം വരുമാനത്തില്‍നിന്ന് കണ്ടെത്തണം. സര്‍ക്കാര്‍ പണം നല്‍കുന്നത് വെറും സഹായം മാത്രമായാണ്.

To advertise here,

ശമ്പള വര്‍ധനയ്ക്കും കുടിശ്ശികയ്ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശമുന്നയിച്ച് ജീവനക്കാര്‍ കോടതികളെ സമീപിച്ചാല്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ഈ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിനെയും വകുപ്പുസെക്രട്ടറിമാരെയും എതിര്‍കക്ഷികളാക്കി കോടതികളെ സമീപിക്കുന്നതും അനുകൂലവിധി നേടിയെടുക്കുന്നതും നിരുത്സാഹപ്പെടുത്താനാണ് ഈ നിര്‍ദേശം.

കോടതി അനുകൂലമായി വിധിച്ച് സര്‍ക്കാര്‍ പണം നല്‍കേണ്ടിവന്നാല്‍ അത് സ്ഥാപന മേധാവിയില്‍നിന്ന് ഈടാക്കും. ശമ്പളേതര ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പണം ശമ്പളം നല്‍കാന്‍ ചെലവിടരുതെന്ന കര്‍ശനവ്യവസ്ഥയും ഉള്‍പ്പെടുത്തും.

സ്‌പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശ്ശിക കോടതിവിധി പ്രകാരം സര്‍ക്കാര്‍ നല്‍കേണ്ടിവന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 35 കോടിയാണ് ഇങ്ങനെ നല്‍കേണ്ടിവന്നത്.

സ്ഥാപനങ്ങള്‍ക്ക് പണം ഉണ്ടെങ്കില്‍മാത്രം ശമ്പളം

സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാരിന്റെ സഹായധനം മുടങ്ങുന്നതിനാല്‍ പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങളില്‍ സ്വന്തം ഫണ്ടുണ്ടെങ്കിലേ ശമ്പളം ലഭിക്കൂ. കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളക്കുടിശ്ശിക കേസിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.

200ഓളം സ്ഥാപനങ്ങള്‍

വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ചെറുതും വലുതുമായി ഇരുനൂറോളം ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുണ്ട്. ജീവനക്കാര്‍ എത്രയെന്ന് വ്യക്തമല്ല. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗണ്‍സില്‍, മനുഷ്യാവകാശ കമ്മിഷന്‍, സാക്ഷരതാ മിഷന്‍, സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് സ്റ്റഡീസ്, ഗിഫ്റ്റ്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയവയാണ് പ്രധാന സ്ഥാപനങ്ങള്‍.