കോഴിക്കോട്: പി.വി. സാമി പുരസ്കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യുട്ടീവ് ചെയർമാൻ ഗോകുലം ഗോപാലന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം നൽകിയത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്വാതന്ത്ര്യസമരസേനാനി പി.വി. സാമിയുടെ സ്മരണയ്ക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

To advertise here,

പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായി പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രശസ്തിപത്രം സമർപ്പിച്ചു. മേയർ ഡോ. എം. ബീനാഫിലിപ്പ് അനുസ്മരണസമിതിയുടെ സ്നേഹോപഹാരം നൽകി. എം.കെ. രാഘവൻ എം.പി. അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സംസാരിച്ചു.

പി.വി. സാമിയും ഗോകുലം ഗോപാലനും തമ്മിൽ നിരവധി സാമ്യങ്ങൾ ഉണ്ടെന്ന് പുരസ്കാരം സമർപിച്ചുകൊണ്ട് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വിവിധ മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ചവരാണ് ഇരുവരും. മനുഷ്യ സ്പർശിയായ വ്യക്തിയായിരുന്നു പി.വി സാമിയെന്നും മാതൃകയാക്കേണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്നും ഗവർണർ പറഞ്ഞു.

വിഗ്രഹങ്ങൾ ഉടക്കപ്പെടരുതെന്നും പുതിയ വിഗ്രഹങ്ങൾ ഉണ്ടാവാൻ സമയമെടുക്കുമെന്നും ചലച്ചിത്ര മേഖലയിലെ സംഭവവികാസങ്ങൾ പരാമർശിച്ച് ഗവർണർ പറഞ്ഞു. കുറ്റംചെയ്തവർ ശിക്ഷിക്കപ്പെടണം. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ സിനിമകൾ വിജയിച്ച സംസ്ഥാനമാണ് കേരളം. സിനിമയിലെ നടൻമാരെ ആരാധനയോടെ കാണുന്നു. അവിടെയുള്ളവർക്ക്  തെറ്റ് പറ്റിയാൽ വ്യവസ്ഥാപിതമായി ശിക്ഷിക്കണം. ക്രൂരമായ സമീപനം നല്ലതല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

പി.വി. സാമിയെ ഗുരുവായി കാണുന്നുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കോഴിക്കോട്ടുകാരന്റെ സ്മരണയ്ക്കുള്ള അവാർഡ് കോഴിക്കോട്ടുകാരനിൽനിന്ന് വാങ്ങാൻകഴിഞ്ഞതിൽ സന്തോഷമുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള അവാർഡ് കൂടിയാണ് ഇത്. സമൂഹ്യപ്രതിബദ്ധതയോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.