
കൊച്ചി: പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവു കണക്കുകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന ഓഡിറ്റ് വകുപ്പും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.
സ്വതന്ത്ര ഓഡിറ്റിങ്ങിൽ കണ്ടെത്തിയ പൊരുത്തക്കേടുകളിൽ ഫെബ്രുവരി 27-നകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
ബോർഡിനുവേണ്ടി വിജയൻ ആൻഡ് അസോസിയേറ്റ് എന്ന ചാർട്ടേഡ് അക്കൗണ്ട് സ്ഥാപനമാണ് ഓഡിറ്റിങ് നടത്തിയത്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുകീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ജി.എസ്.ടി., ഇൻപുട്ട് ടാക്‌സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി വിശദീകരണം തേടിയത്.
അയ്യപ്പസംഗമത്തിനുള്ള തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സർക്കാരും ബോർഡും പറഞ്ഞിരുന്നത്. എന്നാൽ, ഇത് പൂർണമായും സാധിക്കാതെവന്നതോടെ ബോർഡിന് 3.40 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. അഞ്ചുകോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആറുകോടിയിലേറെ ചെലവായി എന്നാണ് ഓഡിറ്റിങ്ങിലുള്ളത്.
Content Highlights: Kerala High Court demands explanation from Travancore Devaswom Board & Audit Dept on global Ayyappa Sangamam financial discrepancies. Details inside.
Published: 12 Feb 2026, 11:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented