പുരാണത്തില്‍ പുരൂരവസിന്റെ വംശത്തില്‍പ്പെട്ട ഒരു പ്രമുഖ രാജാവാണ് രജി. രജി ഏത് ഭാഗത്തുനിന്നു യുദ്ധം ചെയ്യുന്നുവോ ആ ഭാഗം വിജയിച്ചിരുന്നുവത്രെ. രജീന്ദ്രകുമാര്‍ എന്ന ചിരിവരയുടെ ഇളമുറത്തമ്പുരാന്‍ ഇക്കാലമത്രയും ചിരിയുടെ പക്ഷം ചേര്‍ന്നു നടത്തിയ യുദ്ധത്തില്‍ വിജയത്തിന്റെ പക്ഷത്തായിരുന്നു. വരകളില്‍ മാത്രമല്ല, വ്യക്തിബന്ധങ്ങളിലെല്ലാം ചിരിയുടെ മേമ്പൊടി ചേര്‍ത്ത രജീന്ദ്രകുമാര്‍ സകലവിധ ആയുധങ്ങളുമായി തന്നെ തോല്‍പ്പിക്കാനെത്തിയ അര്‍ബുദത്തെപ്പോലും തനതുചിരിയുടെ ലക്ഷമണരേഖ വരച്ച് ഇത്രകാലമാണ് അകറ്റിനിര്‍ത്തിയത്. അവസാന യുദ്ധത്തിലും രജി തന്നെ വിജയിക്കും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്തുചെയ്യാം, കാലത്തിന്റെ കോലം മാറുന്നത് ദൈവത്തെയും ബാധിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍.

To advertise here,

തന്റെ ടെന്‍ഷന്‍നകറ്റാന്‍ ദൈവം രജീന്ദ്രകുമാറിനെയും വിളിച്ചുകൊണ്ടുപോയി എന്നു വിശ്വസിച്ച് ആശ്വസിക്കുകയേ ഇനി നിവൃത്തിയുള്ളു. വെള്ളിത്തിരിയിലെ ചിരി തമ്പുരാക്കന്മാരൊന്നും പോരാഞ്ഞിട്ടാകും ദൈവം  കാര്‍ട്ടൂണിസ്റ്റുകളിലേക്ക് ശ്രദ്ധതിരിച്ചത്. ആദ്യം ചിരിയുടെ കഷായക്കൂട്ടൊരുക്കാന്‍ സുകുമാര്‍ സാറിനെ കൊണ്ടുപോയി. പുതിയ കാലത്തിന്റെ ചിരിയുടെ ചേരുവയ്ക്കുവേണ്ടിയാകും ഈ 'എക്സിക്കുട്ടനെ'യും ദൈവം കൂടെ കൂട്ടിയത്. ഒരിക്കലും ചിരിക്കാത്ത ദിവസം പൂര്‍ണമായും നഷ്ടപ്പെട്ടു എന്നു പറയാറുണ്ട്. ഓരോ ദിവസവും ഞങ്ങള്‍ക്ക് നഷ്ടപ്പെടാതിരിക്കാനായി നീ എന്നും കാലത്ത് 'എക്സിക്കുട്ടനി'ലൂടെ പകര്‍ന്ന ചിരിയും കാരണമായിട്ടുണ്ട്.

വെറുമൊരു ചിരിപൊരിക്കപ്പുറം എത്ര പ്രഭാതങ്ങളെയാണ് നിന്റെ ഇത്തിരിപ്പോന്ന വാക്കും വരയും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. കരയാതിരിക്കാന്‍ വേണ്ടി ഞാന്‍ ചിരിക്കുന്നു എന്ന് എബ്രഹാം ലിങ്കണ്‍ പറഞ്ഞതുപോലെ കരയാതിരിക്കാന്‍ വേണ്ടി നിന്റെ നിറചിരിയും ആ വരയിലെ ചിരികളുമോര്‍ത്ത് ഞങ്ങള്‍ ചിരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. പ്രതികൂല സാഹചര്യങ്ങളിലും ചിരിച്ചുകൊണ്ടു വിജയം വരിക്കാം എന്നുകരുതി ജീവിതം വിജയമാക്കിയവനാണ് നീ. ക്യാരിക്കേച്ചറുകള്‍ക്കും പോക്കറ്റ് കാര്‍ട്ടൂണുകള്‍ക്കുമപ്പുറം രോഗക്കിടക്കയിലും നിന്നെ തേടിയെത്തിയ അന്താരാഷ്ട ബഹുമതികള്‍ പോരാട്ടവീര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ കൂടിയാണല്ലോ. അത്തരത്തിലുള്ള ബഹുതികളൊക്കെ വേണ്ടത്ര ആഘോഷിക്കപ്പെട്ടോ എന്നൊരു കുറ്റബോധം ഇപ്പോള്‍ ഞങ്ങളെയൊക്കെ അലട്ടുന്നുണ്ട്. അതും നിന്റെ പ്രസിദ്ധമായ ആ ചിരികൊണ്ട്  ചിരിച്ചുതള്ളുമെന്ന് ഞങ്ങള്‍ക്കറിയാം.

പരിചയപ്പെട്ട നാളുമുതല്‍ മറ്റുള്ളവരെപ്പോലെ എന്നെയും നല്ല സുഹൃത്താക്കി മാറ്റിയ നിന്നെ എങ്ങനെ മറക്കാനാണ്. അല്ലെങ്കില്‍ തന്നെ ഒരിക്കല്‍ പരിചയപ്പെട്ട ആരാണ് ആ ചിരിയും സ്നേഹവും മറക്കുക. ഇന്ത്യാവിഷനില്‍ പൊളിട്രിക്സ് അവതരിപ്പിക്കുന്ന നാളുകളിലൊന്നില്‍ ഒരു ക്യാരിക്കേച്ചര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ആ പരിപാടിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളിച്ചുകൊണ്ട് വരച്ചുതന്ന ചിത്രം. ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന സിനിമാക്കാരുടെ വാചകങ്ങള്‍ക്കുള്ള മറുപടികള്‍, എരിവും പുളിയും എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ കവര്‍ ചിത്രത്തിനായി ഒരു ക്യാരിക്കേച്ചര്‍ ആവശ്യപ്പെട്ടയുടനെ ഒന്നിനു പകരം മൂന്നു ക്യാരിക്കേച്ചറുകള്‍ അയച്ചുതന്ന് എന്നെ അമ്പരപ്പിച്ചു. 2021-ലെ ഈസ്റ്റര്‍ദിനം മുതല്‍ പ്രിയസുഹത്തെ നിന്നെ ഓര്‍ക്കാത്ത ദിനങ്ങളില്ല. ആ വര്‍ഷം മാതൃഭൂമിയില്‍ രജി വരച്ച യേശുക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ ചിത്രം അത്രമേല്‍ മനോഹരമായിരുന്നല്ലോ.

അന്ന് എന്റെ ഇഷ്ടപ്രകാരം അയച്ചുതന്നെ ആ ചിത്രം ഇപ്പോഴും വീടിന്റെ  ഉമ്മറത്തെ അലങ്കരിക്കുന്നുണ്ട്. എത്രപേരാണ് ചിത്രം കണ്ട് എന്നോട് കോപ്പി ആവശ്യപ്പെട്ടത്. എത്രപേര്‍ക്കാണ് ഞാനത് അയച്ചു നല്‍കിയത്! നിന്റെ രസങ്ങളെയെല്ലാം കാര്‍ന്നു തിന്നുകൊണ്ടിരുന്ന അര്‍ബുദത്തെ അവസാനശ്വാസംവരെ ചിരികൊണ്ടു നേരിട്ട നീ ഞങ്ങള്‍ക്കെല്ലാം പകര്‍ന്നു നല്‍കിയത് അതിജീവനത്തിന്റെ എന്തെന്ത് പാഠങ്ങളാണ്. സുഹൃത്തുക്കള്‍ ഓരോരുത്തരായി രോഗാവസ്ഥയെക്കുറിച്ച് വിളിച്ചറിയിക്കുമ്പോഴൊക്കെ നീ വരച്ച ചിത്രത്തിലേക്കു നോക്കി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടി പ്രാര്‍ഥിച്ചിരുന്നു. എന്നിട്ടും!

പ്രിയപ്പെട്ട രജീ, ജീവന്‍ തുടിക്കുന്ന ആ ചിത്രം ഇപ്പോഴും വീട്ടുവാതുക്കലുണ്ട്. മരണത്തെ തോല്‍പ്പിച്ച് മൂന്നാം ദിവസം ഉയിര്‍ത്ത യേശുക്രിസ്തുവിന്റെ രൂപം മനുഷ്യത്വംകൊണ്ട് മരണത്തെ ജയിച്ച നീ പടര്‍ത്തിയ ചിരിനിലാവുമായി ചേര്‍ന്ന് അവിടെത്തന്നെയുണ്ടാകും, ഇനി നമ്മള്‍ കണ്ടുമുട്ടുന്ന നാള്‍വരെ.