ആലപ്പുഴ: 'ഗാഡ്ഗിൽ റിപ്പോർട്ട് അന്തിമമാണെന്ന് ആരു പറഞ്ഞു?' 2012-ൽ തൊടുപുഴയിൽ നടന്ന പരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ അന്ന് മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിൽ ചോദിച്ചതാണിത്.

To advertise here,

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ രൂക്ഷമായ സമരം നടക്കുന്നതിനിടെയാണ് പരിസ്ഥിതിപ്രവർത്തകരുടെ കൂട്ടായ്മ ക്ഷണിച്ചതനുസരിച്ച് അദ്ദേഹം ഇടുക്കിയിലെത്തുന്നത്. മാതൃഭൂമിക്കു മാത്രമാണ് അന്ന് അദ്ദേഹം അഭിമുഖത്തിനു സമയമനുവദിച്ചത്.

'പശ്ചിമഘട്ട സംരക്ഷണത്തിന് എന്തൊക്കെ വേണമെന്നതു സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ പറഞ്ഞപ്പോൾ അതേപ്പറ്റി പഠിക്കുകയും വിശദമായ റിപ്പോർട്ടു നൽകുകയും മാത്രമാണുചെയ്തത്. അതു നടപ്പാക്കേണ്ടത് സർക്കാരാണ്. ഓരോ പ്രദേശത്തിനും വ്യത്യസ്ത ഭൂപ്രകൃതിയാണ്. അതിനാൽ, ആ സ്ഥലങ്ങളിൽ ഗ്രാമസഭകൾ ചേർന്ന് വിഷയം ചർച്ചചെയ്യണം. ഗ്രാമസഭകളുടെ തീരുമാനമനുസരിച്ചായിരിക്കണം നടപടി. റിപ്പോർട്ടിലെ കാര്യങ്ങൾ നടപ്പാക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ഗ്രാമസഭകൾക്കാണ്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിനെ കുറ്റം പറയുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. റിപ്പോർട്ട് അന്തിമമാണെന്നു ഞാൻ പറഞ്ഞിട്ടില്ല. അന്തിമാഭിപ്രായം പറയാനുള്ള അധികാരം ഗ്രാമസഭകൾക്കാണ്' -ഗാഡ്ഗിൽ ഇങ്ങനെ വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് എല്ലാ പാർട്ടികളും നേതാക്കളും ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു.

ക്രൂശിതനായ പി.ടി. തോമസ്

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ റിപ്പോർട്ടിനെ അനുകൂലിച്ച് സംസാരിച്ച ഇടുക്കിയിലെ പ്രമുഖനായ ഏക നേതാവ് അന്നത്തെ എം.പി. ആയിരുന്ന പി.ടി. തോമസ് ആയിരുന്നു. ഗാഡ്ഗിൽ പറയുന്നതാണു ശരിയെന്നും തിരുത്തലുകൾ വേണമെങ്കിൽ ഗ്രാമസഭകളിൽ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും പി.ടി. തോമസ് വാദിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിക്കാർ ഉൾപ്പെടെ അന്ന് പി.ടി.യെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണു ചെയ്തത്. 2012-ൽ പി.ടി. തോമസ് ഇടുക്കി പ്രസ് ക്ലബ്ബിൽ നടത്തിയ ഗാഡ്ഗിൽ റിപ്പോർട്ടിനെ സംബന്ധിച്ച പത്രസമ്മേളനം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

'എന്നെ സ്പുട്‌നിക്കിൽ കയറ്റി ശൂന്യാകാശത്തേക്കു വിടാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അതു വെറും മോഹംമാത്രമാണ്. എനിക്കു ശരിയെന്നു തോന്നുന്നത് എവിടെയും പറയും. എന്റെ അഭിപ്രായം ഇഷ്ടപ്പെടാത്തവർ 20 വർഷം എന്നെ രാഷ്ട്രീയ വനവാസത്തിനു പറഞ്ഞയിച്ചിട്ടും നിലപാടിൽനിന്നു മാറിയിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ഗാഡ്ഗിൽ പറഞ്ഞതു പലതും നടപ്പാക്കേണ്ടി വരും'.

ഗാഡ്ഗിൽ റിപ്പോർട്ടിനെ പി.ടി. ശക്തമായി പിന്തുണച്ചിരുന്നു. എന്നാൽ, വിവിധ രാഷ്ട്രീയ-സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ളവർ പി.ടി.യെ കൂട്ടംചേർന്ന് ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്.