തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിവെച്ച സരൾ ബില്ലിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സഭയിൽ ജി. സുധാകരൻ എം.എൽ.എ. ബില്ലിൽ താൻ മുന്നോട്ടുവെച്ച ഭേദഗതി നിർദേശം സർക്കാർ തള്ളിയതോടെയാണ് സുധാകരൻ വിമർശനം കടുപ്പിച്ചത്. ഇത് 'സരൾ ബില്ലല്ല, കരാള ബില്ലാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിൽ സർക്കാരിനുതന്നെ വലിയ അപകടവും തിരിച്ചടിയും ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. സുധാകരന്റെ ഭേദഗതി നിർദേശത്തെ പിന്തുണച്ച പ്രതിപക്ഷം, ബിൽ പാസാക്കുന്നതിലേക്ക് കടന്നതോടെ സഭ ബഹിഷ്കരിച്ച് പുറത്തുപോയി.

To advertise here,

നിയമപ്രകാരവും ഭരണഘടന പ്രകാരവും ഇതുവരെ സംരക്ഷിച്ചുപോന്ന വനമേഖല, കൃഷിമേഖല, തണ്ണീർത്തടങ്ങൾ, ഭൂഗർഭജല മേഖലകൾ എന്നിവ ഗവൺമെന്റ് പോലും അറിയാതെ വിസ്തൃതമാക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. നിർദിഷ്ട ബില്ലിൽ നിർബന്ധമായും മുൻകരുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുൾപ്പെടെയുള്ള ഭേദഗതി നിർദേശങ്ങളാണ് സുധാകരൻ ഉന്നയിച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ബില്ലിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കാര്യങ്ങളെ കുട്ടിക്കളിയായി കാണരുതെന്നും സുധാകരൻ വിമർശിച്ചു. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ വലിയ ക്രമക്കേടുകൾ നടക്കാൻ ഈ ബിൽ ഇടയാക്കുമെന്നും അപ്പീൽ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ആശങ്കകൾ തള്ളി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. മന്ത്രിയുടെ മറുപടിയെ തുടർന്ന് ബിൽ പാസാക്കുന്നതിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭ ബഹിഷ്കരിച്ചു.