തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.എം. കടുംപിടിത്തം തുടർന്നാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സി.പി.ഐ. നീക്കം. പിന്നാലെ, ഏഴുമാസത്തിനുള്ളിൽ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് തുറുപ്പുചീട്ടാക്കും. നിയമസഭയിൽ അംഗബലം കുറവായതിനാൽ സി.പി.എമ്മിനു സി.പി.ഐ.യുടെ വോട്ടില്ലാതെ രാജ്യസഭയിലേക്കു വിജയിക്കാനാവില്ല.

To advertise here,

എൽ.ഡി.എഫിലെ തർക്കം മുതലെടുക്കാൻ യു.ഡി.എഫ്. ഒരു സ്ഥാനാർഥിയെ അധികം നിർത്തുകയോ സി.പി.ഐ. ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കുകയോ ചെയ്താൽ സി.പി.എമ്മിനു വെല്ലുവിളിയാവും. അതേസമയം, ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഐക്യത്തിന് നിലപാടെടുക്കുകയും എൽ.ഡി.എഫ്. കൺവീനർ അനുനയം വ്യക്തമാക്കുകയുംചെയ്ത പശ്ചാത്തലത്തിൽ സി.പി.ഐ. പ്രതീക്ഷ കൈവിട്ടിട്ടില്ല.

പി.വി. അബ്ദുൾ വഹാബ് (മുസ്‌ലിം ലീഗ്), ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ (സി.പി.എം.) എന്നിവരാണ് ഏപ്രിലിൽ കാലാവധി തീരുന്ന എം.പി.മാർ. 102 എം.എൽ‌.എ.മാരുള്ള യു.ഡി.എഫിന് രണ്ടുപേരെ ഉറപ്പായി വിജയിപ്പിക്കാം. പക്ഷേ, 35 പേർ മാത്രമുള്ള എൽ.ഡി.എഫിന് ഉള്ളവോട്ട് നഷ്ടപ്പെട്ടാൽ പ്രശ്നമാകും. സി.പി.എം.-26, സി.പി.ഐ.-എട്ട്, ആർ.ജെ.ഡി.-ഒന്ന് എന്നിങ്ങനെയാണ് എൽ.ഡി.എഫ്. അംഗബലം.

പിഴച്ചാൽ വെല്ലുവിളി

എം.എൽ.എ.മാർ മുൻഗണനാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്നതാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ രീതി. മൊത്തം നിയമസഭാസീറ്റുകൾ നാലിലൊന്നായി വിഭജിച്ച് ഓരോരുത്തരെയും വിജയിപ്പിക്കാനുള്ള ക്വാട്ട കണക്കാക്കും. അങ്ങനെ 35 വോട്ട് വീതമായി വിഭജിച്ച്, ഒരു വോട്ടുകൂടി ചേർത്താണ് മുൻഗണനാവോട്ടിന്റെ മൂല്യം നിശ്ചയിക്കുക. അതായത്, 140 പേരുള്ള സഭയിൽ ഒരാൾക്കു വിജയിക്കാൻ 36 വോട്ട് വേണം. യു.ഡി.എഫിന് രണ്ടുപേരെ ഉറപ്പായും വിജയിപ്പിക്കാം. മൂന്നാം സീറ്റിലേക്ക്‌ എൽ.ഡി.എഫിന് 36 തികയില്ലെങ്കിലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച് വിജയിക്കാം.

മത്സരം കടുത്താൽ കളി മാറും

മൂന്നാം സീറ്റിലേക്ക് 30 വോട്ട് യു.ഡി.എഫിനുണ്ടാവും. എൽ.ഡി.എഫിന് 35 വോട്ടും. മൂന്നുവോട്ടുള്ള ബി.ജെ.പി.യുടെ നിലപാട് നിർണായകമാവും. അവർ മാറിനിന്നാൽ, 35 വോട്ടുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി വിജയിക്കും. സമനില വന്നാൽ ഭാഗ്യപരീക്ഷണമാവും. അങ്ങനെ വന്നാൽ, ആദ്യം രണ്ടു സീറ്റിലേക്ക് ഒന്നാം മുൻഗണനാവോട്ട് നൽകിയ യു.ഡി.എഫ്. അംഗങ്ങളുടെ രണ്ടാം മുൻഗണനാവോട്ട് പരിഗണിക്കും. വെറും 35 സീറ്റുള്ള എൽ.ഡി.എഫിന് രണ്ടാം മുൻഗണനാവോട്ടില്ല.