ആലപ്പുഴ: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കു വിരാമമിടാൻ മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. സിപിഎമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ മത്സരത്തിനിറങ്ങിയേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിൽ നടത്തുന്ന പത്രസമ്മേളനത്തിൽ സുധാകരൻ രാഷ്ട്രീയ നിലപാട്‌ പ്രഖ്യാപിക്കും.

To advertise here,

സി.പി.എം. അംഗത്വം പുതുക്കാതിരുന്ന അദ്ദേഹം, കഴിഞ്ഞയാഴ്ച മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചു. തുടർന്ന്, അനുനയവുമായി സി.പി.എമ്മിലെ ഉന്നത നേതാക്കൾ സന്ദർശിച്ചിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.

അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ്. പിന്തുണച്ചേക്കുമെന്നാണ് വിവരം. സുധാകരൻ നിലപാട് അറിയിച്ചാൽ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെ പറഞ്ഞ വിസ്മയമായി അമ്പലപ്പുഴയിൽ ജി.സുധാകരൻ മാറുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

ഒന്നുകിൽ, പാർട്ടി നിർദേശമനുസരിച്ച് അംഗത്വം പുതുക്കുമെന്നു പറയണം. അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായും അമ്പലപ്പുഴയിൽ മത്സരിക്കും. ഇതിൽ ഏതെങ്കിലും ഒന്നാണ് പ്രഖ്യാപിക്കുക. രണ്ടാമത്തേതിനാണ് സാധ്യത. പാർട്ടി വിട്ടാൽ പ്രതിരോധിക്കാനുള്ള നീക്കത്തിന് സിപിഎമ്മും ഒരുങ്ങിയിട്ടുണ്ട്. ഇതിനിടെ നിലപാട് അറിയിക്കുന്നതിന് സുധാകരൻ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.

ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം. സിറ്റിങ് എംഎൽഎ എച്ച്.സലാം തന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥി ആയേക്കും. കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിന് മുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.