ആലപ്പുഴ: തലവടിയില്‍ അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍. മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണു മരിച്ചത്.

To advertise here,

കടബാധ്യതയും രോഗവുമാണു കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന്‌ പൊലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനുശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കും.

ഭാര്യക്ക് കാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ക്യാൻസർ ആണെന്ന് അറിയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ നാട്ടുകാർ വീടിനുള്ളിൽ മരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)