
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പില്‍ എം.പിയേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ.ഷാനിബ്. രാജ്യത്തെ ബി.ജെ.പിയെ എതിര്‍ക്കാനുള്ള പ്രധാന ശക്തിയായി കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍ ഇവിടെ ബി.ജെ.പിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ എളുപ്പവഴി തേടുന്ന പ്രതിപക്ഷ നേതാവിനെയാണ് കാണാന്‍ കഴിയുന്നതെന്നാണ് ഷാനിബ് ആരോപിക്കുന്നത്. വി.ഡി. സതീശന്‍ കാര്യങ്ങള്‍ തീരുമാനിക്കും ഷാഫി പറമ്പില്‍ നടപ്പാക്കും എന്നതാണ് ഇപ്പോള്‍ നടക്കുന്നത്.
വി.ഡി. സതീശനും ഷാഫി പറമ്പിലും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ഉദാഹരണ സഹിതം വെളിപ്പെടുത്തിയിട്ടും അത് തിരുത്താന്‍ അയാളും കൂട്ടരും തയാറാകുന്നില്ല. സി.പി.എം. എഴുതി കൊടുത്തതാണ് ഞാന്‍ വായിച്ചതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഷാഫി പറമ്പില്‍ വാട്‌സ്അപ്പില്‍ അയച്ചുകൊടുത്ത കാര്യങ്ങളാണ് പത്രക്കാരോട് വിളിച്ചുപറഞ്ഞത്. ഇനിയും ഷാഫി അയച്ച് തരുന്നത് വിളിച്ച് പറഞ്ഞ് വി.ഡി. സതീശന്‍ നാണംകെടരുതെന്ന് ഷാനിബ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ നുണയന്‍ എന്ന് വിളിക്കുന്നതില്‍ അതിയായ ദുഃഖമുണ്ട്. പക്ഷെ, നുണമാത്രം പറയുന്ന ആളായി നിങ്ങള്‍ അപഹസ്യനാകുകയാണ്. കെ.പി.സി.സി. പ്രസിഡന്റാണ് കേരളത്തില്‍ പാര്‍ട്ടിയുടെ അവസാനവാക്ക്. എന്നാല്‍, കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുമ്പോള്‍ അടുത്തുനിന്ന് ഗോഷ്ടി കാണിക്കുന്ന പ്രതിപക്ഷ നേതാവിനെ നമ്മള്‍ എല്ലാവരും കണ്ടതാണ്. ഇത്രയും പക്വതയില്ലാത്ത സഹിഷ്ണുതയില്ലാത്ത മനുഷ്യനാണ് ഇയാള്‍. ഈ ധാര്‍ഷ്ട്യം തിരുത്തില്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് രാജ്യം തിരിച്ചറിഞ്ഞ കാര്യമാണ്. കോണ്‍ഗ്രസിന്റെ ഉന്നതശ്രേണിയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അവരുടെ ബൗദ്ധിക നിലവാരം എന്നും കോണ്‍ഗ്രസിന് കരുത്താണ്. കോണ്‍ഗ്രസാണ് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രിയ ശക്തിയെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ എളുപ്പവഴി തേടുകയാണ് പ്രതിപക്ഷ നേതാവെന്നും ഷാനിബ് ആരോപിച്ചു.
അധികാരഭ്രമം മൂത്ത് ആരുമായും ചേരാന്‍ ഒരു മടിയുമില്ലെന്ന് അയാള്‍ നിരന്തരം തെളിയിക്കുകയാണ്. ബി.ജെ.പിയെ ഇവിടെ എതെല്ലാം തരത്തില്‍ സഹായിക്കാന്‍ കഴിയുമോ അതെല്ലാം വി.ഡി. സതീശന്‍ ഇവിടെ പയറ്റുകയാണെന്നും ഷാനിബ് കുറ്റപ്പെടുത്തി. പാലക്കാട് സീറ്റ് ഒഴിവ് വന്നപ്പോള്‍ ജില്ലയിലെ നേതാക്കളെ പരിഗണിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഷാഫി വടകരയില്‍ നോമിനേഷന്‍ കൊടുക്കുന്നതിന് മുമ്പ് ഞാന്‍ പറയുന്ന സ്ഥാനാര്‍ഥിയെ ഇവിടെ നിര്‍ത്തണം എന്ന് ഷാഫി ആവശ്യപ്പെട്ടിരുന്നു.
ഈ പാര്‍ട്ടിയില്‍ ഒരുകാലത്തും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഷാഫി പറമ്പിലും വി.ഡി. സതീശനും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്ന്. ഈ പാര്‍ട്ടിയില്‍ നിന്ന് മുറിവേറ്റവര്‍ പാര്‍ട്ടിവിട്ട് പോയാലും വി.ഡി. സതീശന്‍ അറിയില്ല. ഷാഫി വാട്‌സ്അപ്പില്‍ അയച്ചുകൊടുക്കുന്നത് മാത്രമായിരിക്കും അയാള്‍ അറിയുന്നത്. വി.ഡി. സതീശന്‍ തീരുമാനിക്കുന്നു, ഷാഫി പറമ്പില്‍ നടത്തുന്നുവെന്ന സാഹചര്യമാണ് പാര്‍ട്ടിയിലുള്ളതെന്നും ഷാനിബ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി നേരത്തേ ഷാനിബ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്നാണ് ഷാനിബ് പറഞ്ഞത്. വി.ഡി. സതീശനാണ് എല്ലാ പിന്തുണയും നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകെ പോകുന്നുവെന്നേയുള്ളുവെന്നും ഷാനിബ് പറയുകയുണ്ടായി. ഉമ്മന്‍ ചാണ്ടി പോയശേഷം എ ഗ്രൂപ്പ് നാഥനില്ലാ കളരിയായിട്ടുണ്ടെന്നും ആ അവസരം മുതലാക്കി മറ്റുള്ളവരെ അടിച്ചൊതുക്കി പോകാനുള്ള ശ്രമമാണ് ഷാഫി പറമ്പില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: Former Youth Congress leader AK.Shanib Criticizes V.D.Satheesan and MPShafi Parambil
Published: 22 Oct 2024, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented