പെരളശ്ശേരി(കണ്ണൂർ): സ്‌കൂളിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ കുഴഞ്ഞുവീണ ധർമടം മണ്ഡലം മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.45-ന് മുണ്ടലൂർ ന്യൂ എൽപി സ്‌കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് ചെയർമാൻ, കണ്ണൂർ എ.കെ.ജി. സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പെരളശ്ശേരി ഡിവിഷനിൽനിന്ന് ജയിച്ച് 2005 മുതൽ 2010 വരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം മണ്ഡലത്തിലെ ആദ്യ നിയമസഭാംഗമായിരുന്നു (201116). നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ അംഗമാണ്. സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പരേതരായ കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണന്റെയും വാഴവളപ്പിൽ മാതുവിന്റെയും മകനാണ്. ഭാര്യ: സുശീല (റിട്ട. മൗവഞ്ചേരി റൂറൽ സഹകരണ ബാങ്ക്). മക്കൾ: സുനീഷ് (സിപിഎം എടക്കാട് ഏരിയ കമ്മിറ്റി അംഗം, പെരളശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പെരളശ്ശേരി എ.കെ.ജി. സ്മാരക ആശുപത്രി പ്രസിഡന്റ്), ഷാജേഷ് (ഐസിഎം, പറശ്ശിനിക്കടവ്).
മരുമക്കൾ: രമ്യ (പെരളശ്ശേരി സഹകരണ ബാങ്ക്), ജിഷ (നീലേശ്വരം, കിനാനൂർ സർവീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പുരുഷോത്തമൻ, ഫൽഗുനൻ, സുഗുണൻ, രഘുനാഥ്, പരേതരായ പ്രദീപൻ, രാജു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലത്ത്. കെ.കെ. നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
Content Highlights: Former MLA K.K. Narayanan (77) passed away after collapsing during a school event in Perlassery, Kannur. He served as Dharmadom MLA and held various leadership roles.
Published: 31 Dec 2025, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented