
വണ്ടിപ്പെരിയാര്‍ (ഇടുക്കി): സ്കൂളിന് സമീപം ദേശീയപാതയോരത്ത് സിനിമ ഷൂട്ടിങ് സൈറ്റിലെ ഭക്ഷണമാലിന്യം പിക്കപ്പ് ജീപ്പില്‍ കൊണ്ടുവന്ന് തള്ളി. പഞ്ചായത്ത് അധികൃതര്‍ കൈയോടെ പിടികൂടി വാഹനവും ഡ്രൈവറെയും തൊഴിലാളികളെയും പോലീസിലേല്‍പ്പിച്ചു. വാഹനയുടമയ്ക്ക് 50,000 രൂപ പിഴയിട്ടു. ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ്, വണ്ടിപ്പെരിയാര്‍ ടൗണിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളിനുസമീപം ദേശീയപാതയോരത്ത് മാലിന്യം തള്ളിയത്. ഏതാനും ദിവസമായി പരിസരപ്രദേശത്ത് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഇവിടെ നല്കിയ ഭക്ഷണത്തിന്റെ, അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടമാണ് ചാക്കില്‍ക്കെട്ടി തള്ളിയത്.
ടാക്സിഡ്രൈവര്‍മാര്‍ ഇത് കണ്ടു. ഉടന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തോഫീസില്‍ അറിയിച്ചു. സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മാലിന്യം തള്ളുന്നത് തടഞ്ഞു. വാഹനം തടഞ്ഞുവെച്ച് വണ്ടിപ്പെരിയാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ എറണാകുളം അയ്യമ്പുഴ സ്വദേശി എം.സി. വില്‍സണും പാമ്പനാര്‍ സ്വദേശികളായ മൂന്ന് തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.
എറണാകുളം പാലാരിവട്ടം സ്വദേശി ജനറ്റ് രാജീവാണ് വാഹനയുടമ.പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോന്, രഞ്ജിത്ത്, പി.കെ. ഗോപിനാഥന്, ഡ്രൈവര്‍മാരായ ബൈജു ചെറിയാന്, സജി ജേക്കബ്, സജീവ്, അശ്വിന് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
Content Highlights: food waste from tamil cinema shooting site dumped on roadside fined
Published: 21 Sept 2025, 07:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented