പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും ഭക്ഷണം പാഴാവുന്ന സാഹചര്യങ്ങളുണ്ടാകാം. ഇത് പരിഹരിക്കുന്നതിനായി ഭക്ഷണം പാഴാക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് 20 രൂപ അധികമായി ഈടാക്കാന്‍ തുടങ്ങിയിരിക്കുകയാണ് പുണെയിലെ ഒരു സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റ്. ഉത്തരവാദിത്തത്തോടെ ഓര്‍ഡര്‍ ചെയ്യാനും ഭക്ഷണത്തെയും അത് തയ്യാറാക്കുന്ന ജീവനക്കാരെയും ബഹുമാനിക്കാനും, പാഴാക്കല്‍ കുറയ്ക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

To advertise here,

ഒരു എക്‌സ് ഉപയോക്താവ്(@rons1212) ഈ റെസ്റ്റോറന്റിലെ മെനുവിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മെനുവിന്റെ താഴെയായി 'ഭക്ഷണം പാഴാക്കുന്നതിന്' അധിക ചാര്‍ജ് ഈടാക്കുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

'പുണെയിലെ ഒരു ഹോട്ടല്‍ ഭക്ഷണം പാഴാക്കിയാല്‍ 20 രൂപ അധികമായി ഈടാക്കുന്നു. എല്ലാ റെസ്റ്റോറന്റുകളും ഇത് ചെയ്യണം, വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പിഴ ഈടാക്കാന്‍ തുടങ്ങണം!', പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുന്നു.

സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റ് വളരെ പെട്ടെന്നു തന്നെ വൈറലായി. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ഈ നീക്കത്തെ പലരും സ്വാഗതം ചെയ്തു. അതേസമയം, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലരുടെ വാദം. 

'നല്ലൊരു നീക്കം. ഭക്ഷണം പാഴാക്കുന്നതിന് പിഴ ചുമത്തണം,' ഒരു എക്‌സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ എഴുതി, 'ഭക്ഷണം പാഴാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസം കൊണ്ടുവന്ന ആദ്യത്തെ റസ്റ്ററന്റ് ദുര്‍വാങ്കൂര്‍ ആയിരുന്നു. പ്ലേറ്റുകള്‍ കാലിയായിരുന്നാല്‍ 20 രൂപ കിഴിവ് നല്‍കുമായിരുന്നു. മറ്റുള്ളവരും ഈ രീതി സ്വീകരിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.'

'ഭക്ഷണം കഴിക്കാന്‍ കൊള്ളാത്തതോ എന്റെ രുചിക്ക് ചേരാത്തതോ ആണെങ്കിലോ? എനിക്കത് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്റെ ആവശ്യം തൃപ്തിപ്പെടുത്താത്തതിന് എനിക്ക് അവരില്‍ നിന്ന് ഇരുപത് രൂപ ഈടാക്കാന്‍ കഴിയുമോ? ഭക്ഷണം പാഴാക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല, പക്ഷേ ഇത്തരം യുക്തിയില്ലാത്ത നയങ്ങളെ എതിര്‍ക്കുന്നു', എന്നാണ് ഒരാള്‍ കുറിച്ചത്. 

'അവര്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്കും തനതായ രുചിക്കും പേരുകേട്ടവരാണ് ഇവര്‍. ഇതിനെ അവരുടെ ഗുണമേന്മയിലുള്ള ആത്മവിശ്വാസമായി ഞാന്‍ കാണുന്നുവെന്നാണ് ഇതിന് മറുപടിയായി പോസ്റ്റിട്ടയാള്‍ മറുപടി നല്‍കിയത്.