
ഷൊർണൂർ: വടയുണ്ടാക്കുന്ന വലിയ ഉരുളി കഴുകിയിട്ട് മാസങ്ങൾ, അടുക്കളയ്ക്കുസമീപം തൊഴുത്തും ചെളിക്കെട്ടും, തുറന്നുകിടക്കുന്ന വാട്ടർടാങ്ക്, വൃത്തിഹീനമായ പാത്രങ്ങൾ, ഉപയോഗിച്ചുപയോഗിച്ച് കരി ഓയിലിന്റെ നിറമായ എണ്ണ-ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള പലഹാരങ്ങൾ തയ്യാറാക്കുന്നയിടങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. ഇവ തയ്യാറാക്കിയിരുന്ന രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നഗരസഭാ ആരോഗ്യവിഭാഗം നിർദേശം നൽകി. യാത്രക്കാരന് വടയിൽനിന്ന് തവളയെ കിട്ടിയ സംഭവത്തെത്തുടർന്നായിരുന്നു പരിശോധന.
റെയിൽവേ സ്റ്റേഷന്റെ എതിർവശത്തെ കെട്ടിടത്തിലും തെക്കേറോഡിലെ ക്വാർട്ടേഴ്‌സിനകത്തുമാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. വടയും ഇഡ്ഡലിയും പഴംപൊരിയുമെല്ലാം തയ്യാറാക്കുന്ന സ്ഥലങ്ങൾ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. അടുക്കളയ്ക്കുസമീപം എലികളും പാറ്റകളും തവളകളും പോകുന്ന വലിയ മടകളുമുണ്ട്.
തെക്കേറോഡിലെ ക്വാർട്ടേഴ്‌സിൽ വറുത്തെടുക്കുന്ന എണ്ണ മാറ്റുന്നതേയില്ലെന്നും കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കുന്നതാണ് രീതിയെന്നും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് വടയുണ്ടാക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസില്ലായിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. റെയിൽവേ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കുശേഷം ഷെഡ്ഡുണ്ടാക്കാൻ മാത്രമായിരുന്നു നിർദേശമെന്ന് ഇവർ പറയുന്നു.
റെയിൽവേ സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിനകത്തെ സ്ഥാപനത്തിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു. പാത്രങ്ങളും പാചകംചെയ്യുന്ന സ്ഥലവുമെല്ലാം വൃത്തിഹീനമാണ്. ഫ്രിഡ്ജിനകത്തുപോലും മണ്ണും ചെളിയുമാണെന്ന് കണ്ടെത്തി. പാത്രം കഴുകുന്ന സ്ഥലങ്ങളിൽ വലിയമടകളും കുഴികളുമുണ്ട്.
ടൗണിലെ ബാലാജി ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി, മീൻ, ചപ്പാത്തി, കറികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നുണ്ടെന്ന് നഗരസഭാ ആരോഗ്യവിഭാഗം പറയുന്നു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു പരിശോധന. നഗരസഭാ ക്ലീൻസിറ്റി മാനേജർ ടി.കെ. പ്രകാശന്റെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. വിനോദ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗിരിജകുമാരി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Content Highlights: Food to Shornur railway station-health department inspection
Published: 25 Jun 2024, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented