പത്തനംതിട്ട: കറാച്ചി വിമാനത്താവളത്തിൽ പലസ്തീൻ അനുകൂല തീവ്രവാദിസംഘം റാഞ്ചിയ വിമാനത്തിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട കാബിൻക്രൂ നീർജ ഭാനോട്ടിന്റെ ധീരതയുടെ പാഠം ഒമ്പതാംക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ. ഇതേത്തുടർന്ന് രണ്ടുവർഷംമുൻപ്‌ മാതൃഭൂമി ഓൺലൈനിൽവന്ന നീർജയെക്കുറിച്ചുള്ള വീഡിയോസ്റ്റോറി അധ്യാപകർക്കിടയിൽ തരംഗമാകുന്നു.

To advertise here,

മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ ‘ആ ഹൈജാക്കിങ് പാളിയത് നീർജയുടെ മനക്കരുത്തിൽ; ‘ഒരു ജീവന്റെ വില’ എന്ന വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ഇംഗ്ലീഷ് ടെക്‌സ്റ്റിലെ നാലാംയൂണിറ്റിലാണ് ‘എ ഷീൽഡ് ഓഫ് കറേജ്’ എന്ന തലക്കെട്ടിലുള്ള പാഠം.

1986 സെപ്റ്റംബർ അഞ്ചിന് 394 യാത്രക്കാരുമായി മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പറന്ന പാൻ ആം അമേരിക്കൻ വിമാനമാണ് കറാച്ചിയിൽ തീവ്രവാദിസംഘം റാഞ്ചിയത്. വൈമാനികരെയും യാത്രക്കാരെയും തോക്കുമുനയിൽ നിർത്തിയ സംഘം വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാൻ ഭീഷണിപ്പെടുത്തുന്നതിനിടെ നീർജ, നാലു പൈലറ്റുമാർക്കും രക്ഷപ്പെടാൻ സൗകര്യമൊരുക്കി.

അടിയന്തര രക്ഷാവാതിൽവഴി യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനിടെ ഭീകരർ നീർജയെ വെടിവെച്ചുകൊന്നു. പിന്നാലെ കമാൻഡോകളെത്തി ഭീകരരെ വകവരുത്തി. 20 യാത്രക്കാർ ഭീകരരുടെ തോക്കിനിരയായി. 23-ാം പിറന്നാളിന് രണ്ടുദിവസം മുൻപായിരുന്നു നീർജയുടെ ജീവത്യാഗം. അശോകചക്ര പുരസ്കാരം നൽകി രാജ്യം നീർജയെ ആദരിച്ചു. 2016-ൽ സോനം കപൂർ നായികയായി പുറത്തിറങ്ങിയ ‘നീർജ’ സിനിമയും വൻഹിറ്റായിരുന്നു.