മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരിഹാസവും രൂക്ഷ വിമര്‍ശനവുമുയര്‍ത്തി പ്രതിപക്ഷവും ബിജെപിയും.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമര്‍ശനം. കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം സ്ഥിരമായി മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി കുറച്ച് ദിവസങ്ങളായി മാറി നില്‍ക്കുന്നതും പ്രതിപക്ഷ പരിഹാസത്തിന് കാരണമായി.
ആറു മണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നുവെന്നും ക്യാപ്റ്റനെ മിസ് ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 'രണ്ടാം പിണറായി വിജയന്‍ ഭരണകൂടത്തിന്റെ ആദ്യ നൂറ് ദിനം നരകമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സംഘവും കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കി. കേരളത്തിലെ ജനങ്ങളും താത്പര്യങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു' സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ വീഴ്ചകളെ ഫെയ്‌സ്ബുക്കില്‍ അക്കമിട്ട് നിരത്തിയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരിനാഥന്റെ വിമര്‍ശനം.
എല്‍ഡിഎഫിന്റെ നൂറ് ദിനങ്ങള്‍, ഒരു അവലോകനം.
- ഏറ്റവും കൂടുതല്‍ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം
- അയല്‍ സംസ്ഥാനങ്ങളെക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍
- ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍
- പെറ്റിയടിച്ചു സര്‍ക്കാര്‍ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോള്‍ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു
- കോവിഡ് തുടര്‍ചികിത്സക്ക് ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പണം ഈടാക്കുന്ന സംസ്ഥാനം
- രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ജൂണ്‍ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല
-കോടികണക്കിന് രൂപയുടെ മുട്ടില്‍ മരം മുറി മാഫിയക്ക് ധര്‍മ്മടം ബന്ധം, സര്‍ക്കാര്‍ സംരക്ഷണം.
- 'നല്ല രീതിയില്‍' കേസ് ഒത്തുതീര്‍ക്കാന്‍ മുന്‍കൈ എടുത്ത് ഫോണ്‍ വിളിച്ച വനം മന്ത്രിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
- സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്
- നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാന്‍ ഒരുങ്ങുന്നു
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികള്‍ സോഷ്യല്‍ മീഡിയ താരങ്ങളായ പാര്‍ട്ടി സഖാക്കള്‍
- തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു
ലിസ്റ്റ് അപൂര്‍ണമാണ്, എന്നാലും മച്ചാനേ...ഇത് പോരളിയാ???? -ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മുമ്പ് ലഭിച്ച പ്രകീര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബിന്റെ പരിഹാസം..
മെല്‍ബണ്‍ സിറ്റിയില്‍ പിണറായിക്ക്
നന്ദി പറഞ്ഞ് കൂറ്റന്‍ ബാനറുയര്‍ത്തുന്നു,
'ഇവിടെ വേണ്ട രീതിയില്‍ ചികിത്സ
കിട്ടുന്നില്ലാ' എന്നും പറഞ്ഞ് ഷൈലജ
ടീച്ചര്‍ക്ക് അങ്ങ് അമേരിക്കയില്‍
നിന്നും ഫോണ്‍ വരുന്നു,..
ഫിനാന്‍ഷ്യല്‍ ടൈംസ്
വോഗ് മാഗസിന്‍
പ്രോസ്‌പെക്റ്റ് മാഗസിന്‍..
അവാര്‍ഡ്...
ഫീച്ചറ്...
കവര്‍ ഫോട്ടോ...
ഒരൊഴിവൂല്ല്യായിരുന്നു..
ലോകാരോഗ്യ സംഘടന മുതല്‍
ഐക്യരാഷ്ട്രസഭ വരെ പിണറായി
സര്‍ക്കാറിനെ
പ്രത്യേകം അഭിനന്ദിക്കുന്നു..
എന്തൊക്കെയായിരുന്നു.
പിണറായിയും, ടീച്ചറും തള്ളി മറിച്ച
അതേ കേരളത്തിലാണ്
മുപ്പതിനായിരവും കടന്ന്
കോവിഡ് കിടന്ന് തുള്ളി മറിയുന്നത്.
ആരും മിണ്ടണ്ട, മിണ്ടിയാല്‍
ലോക്ക് ഡൗണാണ്.
ഭയം വേണ്ട, ജാഗ്രത മതി!
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ഇതുവരെ പി.ആര്‍ വര്‍ക്കാണ് നടത്തിയിരുന്നതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വാദം. 'ഹലോ ഗുയ്‌സ് എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ പി.ആര്‍.വര്‍ക്ക്' എന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടേയും മുന്‍ സാമൂഹിക മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിന്റേയും ഫോട്ടോകള്‍ക്കൊപ്പം കുറിച്ചു.
മുങ്ങിക്കപ്പലിന് വരെ കപ്പിത്താന്‍ ഉണ്ടെന്നാണ് ടി.സിദ്ദീഖ് എംഎല്‍എയുടെ പരിഹാസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..