പേരാമ്പ്ര: 'എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും... എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും...' കടമ്മനിട്ടയുടെ ഈ കവിതാ വരികൾ എഴുതി പേരാമ്പ്ര നമ്മൾ തൂക്കിയെന്ന വാചകത്തോടെയാണ് തിരഞ്ഞടുപ്പ് വിജയാഹ്ലാദം ഫാത്തിമ തഹിലിയ സാമൂഹിക മാധ്യമത്തിൽ ആദ്യമായി പങ്കുവെച്ചത്.

To advertise here,

എതിർപക്ഷത്ത് സി.പി.എമ്മിലെ പരിചയസമ്പന്നനായ നേതാവ് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനുമായി വീറും വാശിയുമേറിയ പോരാട്ടത്തിന് ഒടുവിലാണ് ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗിലെ വനിതാ എം.എൽ.എ. ആയി ഫാത്തിമ തഹിലിയ ജയിച്ചുകയറിയത്.

എം.എസ്.എഫിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ഫാത്തിമ വിദ്യാർഥി രാഷ്ട്രീയപ്രവർത്തന കാലത്തുതന്നെ വേറിട്ടശബ്ദം കേൾപ്പിച്ചിരുന്നു.

എം.എസ്.എഫിൽ ഹരിതവിഭാഗത്തിലെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി. പിന്നാലെ എം.എസ്.എഫ്. ദേശീയ കമ്മിറ്റിയിലെ പ്രഥമ വനിതാംഗവുമായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് കുറ്റിച്ചിറയിലെ കൗൺസിലറായി നല്ല ഭൂരിപക്ഷവുമായാണ് ജയിച്ചുകയറിയത്.

പേരാമ്പ്രയിലെ മുസ്ലിംലീഗ് സ്ഥാനാർഥിയായി ആദ്യ ചർച്ചകളിലൊന്നും ഫാത്തിമ തഹിലിയ ഉണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ഫാത്തിമയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥി പ്രചാരണം നടക്കുന്നതിനിടെ തന്നെ വനിതാലീഗ് നേതാവിൽനിന്നുവരെ വിമർശനമുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്നും പ്രചാരണവും നടന്നു. എന്നാൽ വിമർശനങ്ങൾക്കെല്ലാം മറുപടിനൽകി, ആദ്യമായി മത്സരിക്കുന്നുവെന്ന അങ്കലാപ്പില്ലാതെ ഇതിനെയെല്ലാം മറികടക്കാൻ ഫാത്തിമക്കായി. 5082 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 45 വർഷത്തിനുശേഷം പേരാമ്പ്രയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ ഫാത്തിമ വിജയിച്ചത്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ ലിംഗനീതി കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. സമാഗതി റിപ്പോർട്ട് കമ്മിറ്റി അംഗം, കോഴിക്കോട് കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ പാരാലീഗൽ വൊളന്റിയർ എന്നീ നിലകളിലും പ്രവർത്തനം നടത്തി. ആപ്ക ടൈംസ് സർവേയിലൂടെ 2017-ൽ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 10 വനിതാ വിദ്യാർഥിനേതാക്കളിൽ ഒന്നാംസ്ഥാനക്കാരിയായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വിമൻ കോൺഫറൻസിൽ പ്രത്യേകക്ഷണിതാവായിരുന്നു.