കൊട്ടാരക്കര: കൺമുന്നിൽ, നിലവിളികൾക്കിടെ പെട്ടെന്നുയർന്ന മൺകൂനയ്ക്കടിയിൽനിന്നു പുറത്തേക്കുനിന്ന മകന്റെ കാലിൽപിടിച്ച്‌ സർവശക്തിയുമെടുത്ത്‌ സനിൽ വലിച്ചു. ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങളിൽ ഏക മകനെ വീണ്ടെടുക്കാനുള്ള ഒരച്ഛന്റെ പരിശ്രമം. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കിൽ പച്ചമണ്ണിൽ ശ്വാസം കിട്ടാതെ ആ കുഞ്ഞുഹൃദയം നിലച്ചേനെ. നീലേശ്വരം സനിൽ ഭവനിൽ നവനീത് കൃഷ്ണനെയാണ് അച്ഛൻ സനിൽ രക്ഷപ്പെടുത്തിയത്.

To advertise here,

കൊട്ടാരക്കര സെയ്‌ന്റ്‌ മേരീസ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ നവനീതിനെ ട്യൂഷനു പോകാനായിട്ടാണ് രാവിലെ മുക്കോണിമുക്കിലെ ബസ് സ്റ്റോപ്പിൽ എത്തിച്ചത്. കൂട്ടുകാർക്കൊപ്പം ബസ് കയറാൻ നിൽക്കുന്ന മകനെ നോക്കി അടുത്തുതന്നെയാണ് സനിലും നിന്നത്. പെട്ടെന്നാണ് പാഞ്ഞെത്തിയ മണ്ണുലോറി കുട്ടികളും ആളുകളും നിന്ന ഭാഗത്തേക്കു മറിഞ്ഞത്. എന്താണ്‌ സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പൊടി അടങ്ങിയപ്പോൾ മകനെ കാണാനില്ല. ആദ്യം കണ്ട കുട്ടിയെ വലിച്ചു പുറത്തെടുത്തു. അപ്പോഴാണ് മകന്റെ കാൽ കണ്ടത്. മണ്ണു നീക്കിയും കാലിൽ പിടിച്ചുവലിച്ചും എങ്ങനെയോ അവനെ പുറത്തെടുത്തതുമാത്രം അറിയാം. അപ്പുറത്ത് മൺകൂനയ്ക്കടിയിൽ കിടന്ന മറ്റൊരു കുട്ടിയെ എടുക്കാൻ കഴിഞ്ഞില്ല. അതുവഴി വന്ന ഒരു സ്കൂട്ടറിൽ മകനെയും കയറ്റി താലൂക്ക്‌ ആശുപത്രിയിലേക്കു പായുകയായിരുന്നു.

മകന് ഒന്നും സംഭവിച്ചിട്ടില്ലെന്നു ബോധ്യം വരാൻ ഏറെ നേരമെടുത്തു. മുക്കോണിമുക്കിലെ സ്റ്റോപ്പിലെത്തി ചിതറിക്കിടക്കുന്ന മൺകൂനയ്ക്കിടയിൽ മകന്റെ ബാഗും ചെരിപ്പും തപ്പി. ഷൂസിൽ ഒരെണ്ണവും സനിലിന്റെ പൊട്ടിയ ചെരിപ്പും തിരികെ കിട്ടി. ഏക മകന്റെ ജീവൻ തിരികെ കിട്ടിയതിലുള്ള ആശ്വാസത്തിലാണ് സനിലും ഭാര്യ കൃഷ്ണയും. പലചരക്കുസാധന വിതരണ ഏജൻസി നടത്തുകയാണ് സനിൽ.