തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷതയെ പുകഴ്ത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിന്റെ നിലവിലെ അവസ്ഥയേക്കുറിച്ച് പറയുന്നതിനിടെ അദ്ദേഹം വേദിയിൽ വികാരാധീനനാവുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ആലിംഗനംചെയ്യുകയും പ്രശംസിക്കുകയും ചെയ്തു. സർക്കാരിന്റെ 'വിഷൻ 2031' വേദിയിലായിരുന്നു സംഭവം.
'രാജ്യം കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. സത്യംപറയാൻ ബുദ്ധിമുട്ടുന്നു. എന്നാൽ, നുണ പ്രചരിക്കുന്നു. ഹിറ്റ്ലറുടെ സമയത്ത് അതായിരുന്നു സ്ഥിതി. സത്യം മറഞ്ഞുകിടക്കുകയാണ്. ഗാന്ധി വീണ്ടും ജനിച്ചാൽ രാജ്യത്തിന്റെ അവസ്ഥകണ്ട് നാണിച്ചുപോകും', ഫറൂഖ് അബ്ദുള്ള പറഞ്ഞു. ‘കേരളത്തിൽ വീണ്ടും എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. രാജ്യത്തെ ഓരോ മതത്തേയും ഓരോ മനുഷ്യനേയും നിങ്ങൾ ബഹുമാനിക്കുന്ന രീതിയെ താൻ അഭിനന്ദിക്കുന്നു’, അദ്ദേഹം പറഞ്ഞു.
'ഇന്ന് സംസ്ഥാനത്തിന്റെ അധികാരംപോലും കേന്ദ്രമാണ് നിയന്ത്രിക്കുന്നത്. എന്റെ സംസ്ഥാനം കേന്ദ്ര ഭരണപ്രദേശമായി മാറി. അവിടെ ഭരിക്കുന്നത് ലഫ്റ്റനന്റ് ഗവർണർ ആണ്. എന്താണ് അതിന് കാരണം? ആർട്ടിക്കിൾ 370 ആയിരുന്നു അവരുടെ പ്രശ്നം. ഓഗസ്റ്റ് 2019 മുതൽ ഭീകരവാദം അവസാനിച്ചോ? എങ്ങനെ പഹൽഗാമും പുൽവാമയും ഉണ്ടായി? കശ്മീരിൽ തർക്കം ഉണ്ടാകണം. അതാണ് പലരുടേയും ആഗ്രഹം. ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അറിയാമോ? ഭീകര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഫാസിസ്റ്റ് ശക്തികൾ വിഭജിക്കാൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ വേണ്ടി മാത്രമാണിത്. എല്ലായിടത്തും ഒരു ഭാഷ വേണമെന്ന് അവർ പറയുന്നു. അത് എങ്ങനെയാണ് സാധ്യമാവുക. നാനാത്വം തകർന്നാൽ ഇന്ത്യ ഇല്ലാതാകും. ഫാസിസ്റ്റ് ശക്തികൾ ഹിറ്റ്ലറെ ഓർക്കണം. ഹിറ്റ്ലർ എങ്ങനെ മരിച്ചുവെന്ന് ഓർക്കുന്നത് നല്ലതാണ്', ഫറൂഖ് അബ്ദുള്ള പറഞ്ഞു.
രാജ്യത്തിന്റെയും കശ്മീരിന്റെയും അവസ്ഥ ചൂണ്ടിക്കാട്ടി വേദിയിൽ അദ്ദേഹം വികാരാധീനനാവുകയും ചെയ്തു. 'വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങളുടെ കുട്ടികൾ പഠിക്കുന്നത്. അമേരിക്കൻ ഏകാധിപത്യത്തിന് കീഴിലാണ് ഇപ്പോൾ കേന്ദ്രം. നമ്മളെ അടിച്ചമർത്തുന്നവർ, ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ തോറ്റുപോകും. നമ്മൾ ജയിക്കുക തന്നെ ചെയ്യും', ഫറൂഖ് അബ്ദുള്ള പറഞ്ഞു.
Content Highlights: Farooq Abdullah Praises Kerala's Secularism, Expresses Concern Over India's Crisis
Published: 17 Feb 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented