തിരുവനന്തപുരം: യുവതി സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കല്ലമ്പലം നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകൾ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്.

To advertise here,

കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിൽവരികയും പെട്രോളില്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി മരണത്തിന് കീഴടങ്ങി. ഭർത്താവ് മനോജുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന വിദ്യ സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)