കൊച്ചി: അമിതമായ രാഷ്ട്രീയവത്കരണവും ദുർഭരണവുമാണ് സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടിന് കാരണമെന്ന് വിശദീകരിച്ച് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു.

To advertise here,

ക്രമക്കേട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരേ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യണം. ഒാഡിറ്റിങ് കൃത്യമായി നടത്തണം. ക്രമക്കേടുകൾ കൃത്യസമയത്ത് വിജിലൻസ് ഓഫീസറെ അറിയിക്കണമെന്ന് അമിക്കസ് ക്യൂറി അഡ്വ. ഡി. കിഷോർ ഫയൽചെയ്ത റിപ്പോർട്ടിൽ നിർദേശിക്കുന്നു.

നിക്ഷേപം തിരികെ നൽകാൻ വൈകുന്നതിനെതിരേ നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. നിക്ഷേപകരിൽ അധികവും പ്രായമായവരാണ്. അതിനാൽ ഒരു വർഷത്തിലധികം സമയം നിക്ഷേപം തിരികെ നൽകുന്നതിനായി അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിൽനിന്ന്

• 2018-ൽ ആവിഷ്കരിച്ച കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റ് ഗാരന്റി സ്കീമോ 2024-ൽ ആവിഷ്കരിച്ച കേരള കോ-ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് സ്കീമോ നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ കാര്യത്തിലാണ് സ്കീം സംരക്ഷണം നൽകുന്നത്. ഇതിലധികം തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്

• സൊസൈറ്റികളെ പുനരുദ്ധരിക്കാൻ കഴിയുന്നവയെന്നും അല്ലാത്തവയെന്നുമായി തിരിക്കണം

• തൃശ്ശൂർ കരുവന്നൂർ ബാങ്കിൽ 300 കോടി രൂപയുടെ സാമ്പത്തികക്രമക്കേട് നടന്നിട്ടുണ്ട്

• കോഴിക്കോട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മൈലപ്ര കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുമ്പളാംപൊയ്ക കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ടല കോ-ഓപ്പറേറ്റീവ് ബാങ്ക്, തിരുവനന്തപുരം ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നേമം കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലൊക്കെ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നിട്ടുണ്ട്

• സഹകരണ സ്ഥാപനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ നിയന്ത്രണത്തിലാണെന്നതാണ് ക്രമക്കേടിന് കാരണം. സഹകരണ വകുപ്പിന്റെ മേൽനോട്ടവും ദുർബലമാണ്

• പ്രതിമാസ നിക്ഷേപപദ്ധതികളുടെ മറവിൽ നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്

• സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഇ.ഡി.അന്വേഷണം നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ കേരള കോ-ഓപ്പറേറ്റീവ് റിവൈവൽ ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തരുത്

• നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജിയെയോ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനെയോ നിയമിക്കണം