തൃശ്ശൂർ: 15 ശതമാനം ലാഭവിഹിതം എന്ന മോഹനവാഗ്ദാനം നൽകി സഹകരണബാങ്കുകളിൽനിന്ന് കോടികളുടെ ഓഹരിമൂലധനം സന്പാദിച്ച കേരള ബാങ്ക് ഇനിയും നഷ്ടത്തിൽനിന്നു കരകയറിയില്ല. 2019-ലെ രൂപവത്കരണംമുതൽ നഷ്ടംതുടരുന്ന കേരള ബാങ്കിലേക്ക് ഒാഹരിമൂലധനമിറക്കിയത് 1625 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും (സഹകരണ ബാങ്ക്) 59 അർബൻ സഹകരണ ബാങ്കുകളുമാണ്. ഇവയ്ക്കുപുറമേ 14,000-ത്തോളം ഇതര സഹകരണ സംഘങ്ങളും ഒാഹരിവാങ്ങി. ‌

To advertise here,

ഇവയ്ക്കൊന്നും ഇതേവരെ ഒരുരൂപപോലും ലാഭവിഹിതം നൽകാനായില്ല. വൻലാഭത്തിൽ പ്രവർത്തിച്ചിരുന്ന സഹകരണബാങ്കുകളെല്ലാം ഇതോടെ നഷ്ടത്തിലായി.

കേരള ബാങ്കിന്റെ ഇപ്പോഴത്തെ നഷ്ടം 476 കോടിയാണ്. തുടക്കത്തിൽ ഇത് 1752 കോടിയായിരുന്നു. നഷ്ടത്തിലുള്ള സ്ഥാപനത്തിന് ലാഭവിഹിതം നൽകാൻ സഹകരണനിയമത്തിലെ 56-ാം വകുപ്പ് അനുവദിക്കുന്നില്ല. കേരള ബാങ്ക് നഷ്ടത്തിൽനിന്ന് കരകയറി അറ്റലാഭത്തിലെത്തിയാൽമാത്രമേ ലാഭവിഹിതം കൊടുക്കാനാകൂ. അതിനിനിയും കാലമെടുക്കും.

വായ്പകൊടുത്താൽ പത്തുശതമാനത്തോളം പലിശകിട്ടാവുന്ന തുകയാണ് കേരള ബാങ്കിന്റെ ഒാഹരിയിൽ നിക്ഷേപിച്ചത്. ഇതോടെ, പലിശയുമില്ല ലാഭവിഹിതവുമില്ല എന്ന സ്ഥിതിയിലെത്തി മിക്ക സഹകരണബാങ്കുകളും.

പ്രവർത്തനമികവുകൊണ്ടുമാത്രമല്ല കേരള ബാങ്കിന് നഷ്ടം കുറച്ചുകൊണ്ടുവരാൻ സാധിച്ചത്. അത്, വൻകിടസ്ഥാപനങ്ങളുടെ കോടികളുടെ കുടിശ്ശിക സർക്കാർ ഏറ്റെടുത്തതുകൊണ്ടുകൂടിയാണ്. 14 ജില്ലാ ബാങ്കുകളെയും ലയിപ്പിച്ചു എന്ന അവകാശവും ഇനിയും യാഥാർഥ്യമാക്കാനായില്ല. മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിച്ച നീക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

കോർ ബാങ്കിങ് ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്സ് ഇടപാട് ഉടൻ തുടങ്ങണമെന്ന റിസർവ് ബാങ്കിന്റെ 2019-െല നിർദേശംപോലും ഇനിയും പൂർണമായി നടപ്പാക്കാനും കഴിഞ്ഞിട്ടില്ല.

അതേസമയം കേരള ബാങ്കിന്റെ നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കേരള ബാങ്ക് ചെയർമാൻ ഗോപി േകാട്ടമുറിക്കൽ പറഞ്ഞു. അടുത്തവർഷംമുതൽ ലാഭവിഹിതം കൊടുക്കാനായേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.