കോഴിക്കോട്: കേരളത്തില്‍ വികസിപ്പിച്ചെടുത്ത് പ്രാവര്‍ത്തികമാക്കിയ ഇന്റലിജന്റ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം മഹാരാഷ്ട്രയിലെ നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും സ്ഥാപിക്കാനൊരുങ്ങി കെല്‍ട്രോണ്‍. നാഗ്പുരിലെ ഗതാഗതസുരക്ഷയ്ക്കും പരിപാലനത്തിനുമുള്ള പദ്ധതിയാണിത്. ഇതിനായി 197 കോടിയുടെ ടെന്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചു.
രാജ്യത്തെ പ്രമുഖ കമ്പനികളോട് മത്സരിച്ചാണ് കെല്‍ട്രോണിന് പദ്ധതി ലഭിച്ചത്. കേരളത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനുവേണ്ടി തയ്യാറാക്കിയ എ.ഐ. സാങ്കേതികവിദ്യയോടുകൂടിയ ട്രാഫിക് സംവിധാനങ്ങളുടെ മികവിന്റെ പശ്ചാത്തലത്തിലാണ് കെല്‍ട്രോണിന് അവസരം ലഭിച്ചത്. നാഗ്പുര്‍ നഗരത്തില്‍ 11 ട്രാഫിക് കേന്ദ്രങ്ങളടക്കം 171 ജങ്ഷനുകളില്‍ ഇന്റലിജന്റ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കും. 15 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം കെല്‍ട്രോണിന്റെ ട്രാഫിക് സിഗ്‌നല്‍ ഡിവിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. അടിസ്ഥാനസൗകര്യങ്ങളടക്കം കെല്‍ട്രോണ്‍ ഒരുക്കും. അഞ്ചുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിന്റെയും അറ്റകുറ്റപ്പണികളുടെയും ചുമതലയും കെല്‍ട്രോണിനായിരിക്കും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗം, നോ പാര്‍ക്കിങ്, സിഗ്‌നല്‍ സംവിധാനം ലംഘിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയവ കണ്ടെത്തി പിഴയടയ്ക്കാനായി ചെലാനുകള്‍ തയ്യാറാക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.
കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി കെല്‍ട്രോണ്‍ സംഘം നാഗ്പുരിലെത്തി. ഏതൊക്കെ രീതിയിലാണ് സ്ഥാപിക്കേണ്ടത് എന്നതും ചെലവാകുന്ന തുകയും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുനല്‍കും. പദ്ധതി നടപ്പിലാക്കാനുള്ള താത്കാലിക ഓഫീസിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
സെന്‍സര്‍ സംവിധാനത്തിലാണ് ഇത് പൂര്‍ത്തിയാക്കുക. സെന്‍സര്‍ ഉപയോഗിച്ച് 165 ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ഗതാഗതസംവിധാനത്തില്‍ വലിയമാറ്റങ്ങളാണുണ്ടാകുക. വാഹനത്തിരക്കനുസരിച്ച് ഗതാഗതം ക്രമീകരിക്കാന്‍ ഈ സെന്‍സര്‍ സംവിധാനത്തിന് സാധിക്കും.
പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍ മറ്റിടങ്ങളിലും കെല്‍ട്രോണിന് അവസരമൊരുങ്ങും.
Content Highlights: 197 crore project in Nagpur for Keltron
Published: 07 Nov 2024, 06:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented