തിരുവനന്തപുരം: നാവികസേനയുടെ യുദ്ധക്കപ്പൽ അര്‍ണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെല്‍ട്രോണിനും സുപ്രധാന പങ്ക്. കപ്പലിനായി ഉപയോഗിച്ച ലോഗ് (വേഗം അളയ്ക്കുന്ന ഉപകരണം), എക്കോ സൗണ്ടര്‍ (ആഴം അളയ്ക്കുന്ന ഉപകരണം), അണ്ടര്‍ വാട്ടര്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം, പവര്‍ ആംപ്ലിഫയര്‍ എന്നിവ നിര്‍മിച്ചത് കെല്‍ട്രോണാണ്. 

To advertise here,

കൂടാതെ, ഭാരത് ഇലക്ട്രോണിക്‌സ് വഴി കുറ്റിപ്പുറത്തെ കെല്‍ട്രോണ്‍ ഇലക്ട്രോസെറാമിക്‌സ് ലിമിറ്റഡ് സോണാര്‍ സെൻസറുകളും നിർമിച്ചുനൽകിയിരുന്നു. ലോഗിന്റെയും എക്കോ സൗണ്ടറിന്റെയും ഓര്‍ഡര്‍ നേരിട്ട് കെല്‍ട്രോണിന് നല്‍കുകയായിരുന്നു. അണ്ടര്‍ വാട്ടര്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം, പവര്‍ ആംപ്ലിഫയര്‍, സോണാര്‍ സെന്‍സര്‍ എന്നിവയുടെ ഓര്‍ഡര്‍ നല്‍കിയത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ്. 

ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിച്ച ഈ വലിയ നാവിക യുദ്ധക്കപ്പല്‍ ശത്രു അന്തര്‍വാഹിനികളെ കണ്ടെത്താനും അതിനെ നശിപ്പിക്കാനും കഴിയുന്നതാണ്. ഗാര്‍ഡന്‍ റീച്ച് ഷിപ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (ജിആര്‍എസ്ഇ) ആണ് കപ്പല്‍ നിര്‍മിച്ച് മേയ് എട്ടിന് നാവികസേനയ്ക്ക് കൈമാറിയത്. മൈനുകളെ കണ്ടെത്താനും നിര്‍വീര്യമാക്കാനും ഇതുവഴി സാധ്യമാകും. ഇന്ത്യന്‍ നാവികസേനയുടെ ഈ യുദ്ധക്കപ്പല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ എന്തിനും സജ്ജമായിയിരുന്നു.