തിരുവനന്തപുരം: കെ-സ്മാര്‍ട്ടുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്ത് യൂറോപ്യന്‍ യൂണിയനും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി കെ-സ്മാര്‍ട്ട്, ഐ.എല്‍.ജി.എം.എസ്. പ്ലാറ്റ്‌ഫോമുകള്‍ മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കെ-സ്മാര്‍ട്ടിന് ലഭിക്കുന്ന ഈ സ്വീകാര്യത കേരളത്തിനാകെ അഭിമാനവും അംഗീകാരവുമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

To advertise here,

'കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യത. കൂടുതല്‍ സംസ്ഥാനങ്ങള്‍ വരുംദിവസങ്ങളില്‍ കെ-സ്മാര്‍ട്ടുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ് (എന്‍.ഐ.യു.എ.) അര്‍ബന്‍ ഗവേണന്‍സ് പ്ലാറ്റ്‌ഫോം (എന്‍.യു.ജി.പി.) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍ ചെയ്യപ്പെട്ട ഏക സര്‍ക്കാര്‍ ഏജന്‍സിയാണ് ഐകെഎം', മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തെ സംബന്ധിച്ച് തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. അതേസമയം, കെ-സ്മാര്‍ട്ട് കൂടാതെ ഡിജിറ്റല്‍ ഗവണന്‍സ്, ഡിജിറ്റല്‍ ലിറ്ററസി ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണത്തിന്റെ സാധ്യതയും വരുദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഡാനോയിസ് ലോറന്റ് പറഞ്ഞു. കെ-സ്മാര്‍ട്ടുമായി സഹകരിക്കാന്‍ സന്നദ്ധരായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക ധാരണാ പത്രം ഒപ്പിട്ടിട്ടുകഴിഞ്ഞു. കര്‍ണാടകയിലെ മുന്‍സിപ്പല്‍ ഡാറ്റാ സൊസൈറ്റിയുടെ മൂന്നംഗ പ്രതിനിധികള്‍ ജനുവരി ആദ്യവാരം രണ്ട് ദിവസം ഐകെഎമ്മില്‍ ചെലവഴിച്ച ശേഷമാണ് ധാരണാ പത്രം ഒപ്പിട്ടത്.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളും കെ-സ്മാര്‍ട്ടിനെക്കുറിച്ച് പഠിക്കാനുള്ള താത്പര്യം അറിയിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. ഇതില്‍ മഹാരാഷ്ട്രാ മുന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം വൈകാതെ കേരളം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നാഗാലാന്‍ഡിലെ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കെ-സ്മാര്‍ട്ട് രൂപകല്‍പ്പന ചെയ്ത ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ സന്ദര്‍ശനം നടത്തുകയും ആപ്ലിക്കേഷന്‍ നടപ്പിലാക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഐടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലി ഷിഹാബ് ഐഎഎസിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

വിദേശരാജ്യങ്ങളില്‍ ഫിലിപൈന്‍സാണ് കെ-സ്മാര്‍ട്ട് നടപ്പിലാക്കാനായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റര്‍നെറ്റ് കമ്പ്യൂട്ടര്‍ പ്രോട്ടോക്കോളും (ഐസിപി) കെ-സ്മാര്‍ട്ടുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ജനുവരി ഒന്നിന് ആരംഭിച്ച കെ-സ്മാര്‍ട്ടിലൂടെ 71,554 ഫയലുകളാണ് വിവിധ സേവനങ്ങള്‍ക്കായി ഇന്നലെവരെ സൃഷ്ടിച്ചത്. ഇതില്‍ 59.86% ഫയലുകളും 24 മണിക്കൂറിനുള്ളിലാണ് തീര്‍പ്പാക്കിയതെന്നും ഇത് വലിയ മാറ്റമാണ് നഗരസഭകളില്‍ സൃഷ്ടിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നുവെങ്കിലും അവ മറികടന്ന് ഫയലുകള്‍ ഇപ്പോള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നുണ്ടെന്നും 8.68 കോടി രൂപയുടെ ഫിനാന്‍സ് ഇടപാടുകളാണ് ഇതുവരെ കെ-സ്മാര്‍ട്ടിലൂടെ നടന്നതെന്നും മന്ത്രി പറഞ്ഞു. വധൂവരന്മാര്‍ നേരിട്ട് ഹാജരാകുന്നതിന് പകരമായി വീഡിയോ കെ.വൈ.സി. വഴി പൂര്‍ത്തിയാക്കി 516 വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറാന്‍ കഴിഞ്ഞതായും ഇത് വിപ്ലവകരമായ മാറ്റമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.