കൊട്ടാരക്കര: കെ-സ്മാർട്ട് പദ്ധതി ഏർപ്പെടുത്തിയതിലെ സാങ്കേതികത്തകരാറുകൾ വിവിധ ആവശ്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്നവരെ വലയ്ക്കുന്നു. സേവനങ്ങൾക്ക് ഐഎൽജിഎംഎസ് സോഫ്‌റ്റ്‌വേറിനു പകരം കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ തദ്ദേശസ്ഥാപനങ്ങളിൽ കെ-സ്മാർട്ട് സോഫ്‌റ്റ്‌വേർ വിന്യസിച്ചു. പൊതുജനങ്ങൾക്ക് ഏതാവശ്യത്തിനും ഓൺലൈനിലൂടെ അപേക്ഷിക്കാനും സർട്ടിഫിക്കറ്റുകളും സേവനങ്ങളും ഓൺലൈനിൽതന്നെ ലഭ്യമാക്കാനും കഴിയുന്നതാണ്‌ സംവിധാനം. ഇതോടെ പഞ്ചായത്ത് ഓഫീസുകളിൽ ഉൾപ്പെടെ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നത്‌ നിർത്തലാക്കി.

To advertise here,

സ്മാർട്ട് ഫോൺ ഇല്ലാത്തതും മറ്റാരും സഹായിക്കാൻ ഇല്ലാത്തവരുമായ വയോധികരടക്കമാണ് ഇതുമൂലം വലയുന്നത്‌. ഏപ്രിൽ ഒന്നിനു മുൻപ്‌ നേരിട്ടു നൽകിയ അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. സാങ്കേതികപ്പിഴവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സേവനം വേഗത്തിലും സുതാര്യവുമാക്കുകയാണ് കെ-സ്മാർട്ടിന്റെ ലക്ഷ്യമെങ്കിലും ഫലത്തിൽ ചെറിയ ആവശ്യത്തിനുപോലും അക്ഷയ കേന്ദ്രങ്ങളിൽ പോകണം. നേരിട്ട്‌ ഫീസ്‌ അടയ്ക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി തുക ചെലവാകുകയും ചെയ്യുന്നു.

‘അപേക്ഷകൾ നേരിട്ട്‌ സ്വീകരിക്കണം’

തദ്ദേശസ്ഥാപനങ്ങളിൽ കെ-സ്മാർട്ടിനൊപ്പം നേരിട്ടും അപേക്ഷകൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ആർ. രാജശേഖരൻപിള്ള പറഞ്ഞു. സേവനങ്ങൾ വൈകുന്നത് പൊതുജനങ്ങളും ജീവനക്കാരുമായുള്ള സംഘർഷത്തിനു കാരണമാകുന്നെന്നും സമയബന്ധിതമായി സാധാരണക്കാർക്ക് സേവനങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.